Monday, November 25, 2024

ചന്ദ്രയാൻ-3 ന്റെ സോഫ്റ്റ് ലാൻഡിം​ഗ് നാളെ: പ്രതികൂല സാഹചര്യമെങ്കില്‍ ലാന്‍ഡിങ് ആഗസ്റ്റ് 27-ന്

ചന്ദ്രനില്‍ നിന്നും വെറും 25 കിലോമീറ്റർ അകലത്തിലുള്ള ചന്ദ്രയാൻ-3 ന്റെ സോഫ്റ്റ് ലാൻഡിം​ഗ് നാളെ വൈകിട്ട് 6.04-നു നടക്കും. പേടകം ചന്ദ്രനില്‍ ഇറക്കാന്‍ പ്രാപ്തമാണോയെന്ന് രണ്ടുമണിക്കൂര്‍ നിരീക്ഷിച്ചതിനുശേഷമാകും ലാന്‍ഡിംങ്. ഏതെങ്കിലും പ്രതികൂലസാഹചര്യങ്ങളുണ്ടായാല്‍ ലാന്‍ഡിങ് ആഗസ്റ്റ് 27-ലേക്ക് മാറ്റിവയ്ക്കുമെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു.

രണ്ടാംഘട്ട ഡീബൂസ്റ്റിങ്ങും പൂർത്തിയായതോടെയാണ് ചന്ദ്രയാൻ-3 ന്റെ സോഫ്റ്റ് ലാൻഡിങ് നിമിഷത്തിനായി ശാസ്ത്രലോകം കാത്തിരിക്കുന്നത്. സെക്കൻഡിൽ രണ്ടു കിലോമീറ്ററോളം വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തെ സെക്കൻഡിൽ 1-2 മീറ്റർ വേഗത്തിലേക്ക് നിയന്ത്രിച്ചാണ് സോഫ്റ്റ് ലാൻഡിങ് നടത്തുക. ലാൻഡർ മൊഡ്യൂളിന്റെ അവസ്ഥയും ചന്ദ്രനിലെ സാഹചര്യവും അടിസ്ഥാനമാക്കിയായിരിക്കും ലാൻഡിങ്.

സോഫ്റ്റ് ലാൻഡിം​ഗിനുശേഷം ചന്ദ്രയാൻ പേടകം വഹിച്ചുകൊണ്ടുള്ള റോവർ, ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങും. അതിനുശേഷം 14 ദിവസം പഠനം നടത്തും. ​ലാൻഡിങ്ങിനായി നിശ്ചയിച്ചിരിക്കുന്നത് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള പ്രദേശമാണ്. ബെംഗളൂരുവിലെ ഐ.എസ്.ആർ.ഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്.

Latest News