ജമ്മു-കാശ്മീരിലുള്ള ഇന്ദിരാഗാന്ധി മെമ്മോറിയൽ തുലിപ് ഗാർഡന് വേൾഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിൽ ഇടംപിടിച്ചു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തുലിപ് ഗാര്ഡന് എന്ന റെക്കോര്‍ഡാണ് ഇന്ദിരാഗാന്ധി മെമ്മോറിയൽ ഉദ്യാനത്തിനു ലഭിച്ചത്. സബർവാൻ റേഞ്ചിന്റെ മനോഹരമായ താഴ്വരയിലാണ് ഈ ഗാർഡൻ സ്ഥിതി ചെയ്യുന്നത്.
ഏകദേശം 1.5 ദശലക്ഷം തുലിപ് പൂക്കളുള്ള ഉദ്യാനം 2006-ൽ മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഗുലാം നബി ആസാദാണ് വിഭാവനം ചെയ്തത്. 68 തരം വ്യത്യസ്ത തുലിപ് ചെടികളുള്ള ഉദ്യാനം, നൂറുകണക്കിന് തൊഴിലാളികളും തോട്ടക്കാരും ചേർന്ന് രണ്ടുവർഷം കൊണ്ടാണ് നിർമ്മിച്ചത്. വേൾഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിൽ ഇടംപിടിച്ചതുമായി ബന്ധപ്പെട്ട സർട്ടിഫിക്കേഷൻ ജെ & കെ അഡ്മിനിസ്ട്രേഷൻ സെക്രട്ടറി (ഫ്ലോറികൾച്ചർ, ഗാർഡൻസ്, പാർക്കുകൾ) ഫയാസ് ഷെയ്ഖിന് വേൾഡ് ബുക്ക് പ്രസിഡന്റും സി.ഇ.ഒയുമായ സന്തോഷ് ശുക്ല കൈമാറി.
വേൾഡ് ബുക്ക് എഡിറ്റർ ദിലീപ് എൻ. പണ്ഡിറ്റ്, ജമ്മു-കശ്മീർ ഫ്ലോറി കൾച്ചർ ഡയറക്ടർ, മറ്റ് ഉദ്യോഗസ്ഥർ, ഉദ്യാനജീവനക്കാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. അതേസമയം, ഈ അസാധാരണനേട്ടത്തിന് സംഘടനയുടെ കേന്ദ്ര വർക്കിംഗ് കമ്മിറ്റിക്ക് ഊഷ്മളമായ അഭിനന്ദനങ്ങൾ അറിയിച്ചു.