Sunday, November 24, 2024

സിംബാബ്‌വെ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

സിംബാബ്‌വെ ക്രിക്കറ്റ് മുൻതാരവും ടീം നായകനുമായിരുന്ന ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. അർബുദബാധയെ തുടർന്ന് ചികിത്സയില്‍ കഴിയവെ 49-ാം വയസ്സിലാണ് സ്ട്രീക്കിന്റെ അന്ത്യം. സിംബാബ്‌വെ ക്രിക്കറ്റിന്റെ സുവർണ്ണകാലഘട്ടത്തിലെ താരം കൂടിയാണ് സ്ട്രീക്ക്.

1990-കളിലും 2000-ങ്ങളിലും സിംബാബ്‌വെ ക്രിക്കറ്റിലെ നിർണ്ണായകസാന്നിധ്യമായിരുന്നു സ്ട്രീക്ക്. 65 ടെസ്റ്റുകളിലും 189 ഏകദിനങ്ങളിലും സ്ട്രീക്ക് തന്റെ രാജ്യത്തിനുവേണ്ടി കളിച്ചു. രണ്ട് ഫോർമാറ്റുകളിലുമായി 4933 റൺസും 455 വിക്കറ്റുകളും സ്ട്രീക്ക് നേടിയിട്ടുണ്ട്. സിംബാബ്‌വെയ്ക്കുവേണ്ടി കൂടുതൽ അന്താരാഷ്ട്ര വിക്കറ്റ് നേടിയ താരമാണ് ഹീത്ത് സ്ട്രീക്ക്. 1997-2002 കാലഘട്ടത്തിൽ ഏതു വമ്പന്മാരെയും തോല്പിക്കാൻ കഴിയുന്ന ടീമായി സിംബാബ്‌വെ ഉയർന്നിരുന്നു.

2000-ത്തിൽ സ്ട്രീക്ക് സിംബാബ്‌വെ ടീമിന്റെ നായകപദവിയിലെത്തി. 2003 ലോകകപ്പിൽ സ്ട്രീക്ക് ആയിരുന്നു സിംബാബ്‌വെയെ നയിച്ചത്. എന്നാൽ ക്രിക്കറ്റ് ബോർഡിലുള്ള സിംബാബ്‌വെ സർക്കാരിന്റെ അമിത ഇടപെടൽ സ്ട്രീക്കിന് തിരിച്ചടിയായി. 2004-ൽ നായകസ്ഥാനത്തുനിന്ന് സ്ട്രീക്ക് പുറത്താക്കപ്പെട്ടു. പിന്നാലെ 2005-ല്‍ താരം സിംബാബ്‌വെ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. തുടര്‍ന്ന് പരിശീലകനായി ബം​ഗ്ലാദേശ്, സിംബാബ്‌വെ, ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളെ നയിച്ചു.

എന്നാല്‍ താരം പ്രവർത്തിച്ച ഫ്രാഞ്ചൈസികളുടെ വിവരങ്ങൾ ചോർത്തിക്കൊടുത്തു എന്നാരോപിച്ച് സ്ട്രീക്കിന് എട്ടുവർഷം വിലക്കേര്‍പ്പെടുത്തിയിരുന്നു. ഐ.സി.സിയുടെ അഴിമതിവിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനു പിന്നാലെയാണ് താരത്തിന് അര്‍ബുദം സ്ഥിരീകരിച്ചത്.

Latest News