മിസോറാമില്‍ നിര്‍മ്മാണത്തിലിരുന്ന റെയിൽവേ പാലം തകര്‍ന്നുവീണ് 17 തൊഴിലാളികള്‍ മരിച്ചു. കുറുങ് നദിക്കു കുറുകെ, ബൈറാബിയെ സൈരാംഗുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ പാലമാണ് തകര്‍ന്നത്. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം.
മിസോറാം തലസ്ഥാനമായ ഐസ്വാളിൽ നിന്ന് 21 കിലോമീറ്റർ ദൂരെയാണ് അപകടസ്ഥലം. ഏകദേശം 35 – 40 ആളുകൾ അപകടസമയത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. തകര്‍ന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
ഇതുവരെ 17 മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തതായി പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. എന്നാല്‍ പാലം തകര്‍ന്നുവീഴാനുണ്ടായ കാരണം എന്താണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ (എൻ.എഫ്.ആർ) ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സബ്യസാചിഡി പറഞ്ഞു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. കൂടാതെ, മരിച്ചവർക്ക് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതം നഷ്ടപരിഹാരവും അദ്ദേഹം പ്രഖ്യാപിച്ചു.