അര്‍ബുദരോഗം കുറയ്ക്കാന്‍ ഗ്ലൂക്കോസ് ഒഴിവാക്കണമെന്ന നിര്‍ദേശത്തിനെതിരെ കാന്‍സര്‍ സര്‍ജനായ ഡോ. ജോജോ വി. ജോസഫ് രംഗത്ത്. നാച്ചുറോപ്പതി ഡോക്ടറായ മനോജ് ജോണ്സണ് യൂട്യൂബിലൂടെ പങ്കുവച്ച ഒരു വീഡിയോയ്ക്കെതിരെയാണ് ഡോ. ജോജോ രംഗത്തെത്തിയത്. ഗ്ലൂക്കോസ് ഒഴിവാക്കി അര്‍ബുദത്തെ ഒഴിവാക്കാന്‍ കഴിയില്ലെന്നും ഏത് ശാസ്ത്രശാഖയുടെ പഠനത്തിലാണ് ഇത് പറയുന്നതെന്നും ഡോക്ടർ പുറത്തിറക്കിയ മറ്റൊരു വിഡിയോയിലുടെ ചോദിക്കുന്നു.
“കാന്‍സറും ഗ്ലൂക്കോസും തമ്മില്‍ ബന്ധമുണ്ട്. അതിനാല്‍ രോഗമുള്ളവരുടെ ശരീരത്തിന് ഗ്ലൂക്കോസ് കൂടുതലായി നല്കിയാല് കാന്‍സര്‍ സെല്ലുകള്‍ വളരെ വേഗം വളരാന്‍ കാരണമാകും. മാത്രമല്ല, കീമോ ചെയ്താലും ഗ്ലൂക്കോസ് കഴിക്കുന്നതുകൊണ്ട് രോഗം കുറയില്ല” – നാച്ചുറോപ്പതി ഡോക്ടര്‍ പറയുന്നു. എന്നാല്‍ ഈ നിര്‍ദേശം തെറ്റാണെന്നാണ് കാന്‍സര്‍ സര്‍ജനായ ഡോ. ജോജോയുടെ വിമര്‍ശനം. ഗ്ലൂക്കോസ് ഒഴിവാക്കി കാന്‍സറിനെ കുറയ്ക്കാമെന്നു കരുതരുത്. ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ആരോഗ്യവും രോഗപ്രതിരോധശേഷിയും നഷ്ടമാകുകയും ഇത് കാന്‍സറിന് കീഴ്പ്പെടാന്‍ കാരണമാകുകയും ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്.
അതേസമയം, റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുന്നത് കാന്‍സര്‍ രോഗം വരാന്‍ കാരണമാകുമെന്നും കാൻസർ സർജൻ മുന്നറിയിപ്പ് നല്കുന്നു. ശാസ്ത്രീയപരമായ തെളിവുകള്‍ ഇല്ലാത്ത കാര്യങ്ങള്‍ പറയുന്നത് ആളുകളെ തെറ്റിധരിപ്പിക്കുന്നതിനു കാരണമാകുന്നതിനാല്‍ നിര്‍ദേശം തിരുത്തണമെന്നും ജോജോ ഡോക്ടര്‍ തന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. https://fb.watch/mBm7ofyy5n/?mibextid=Nif5oz