റഷ്യന്‍ കൂലിപ്പടയാളി സംഘമായ വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്ഗനി പ്രിഗോഷിൻ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വിമാനാപകടത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യൻ സൈനികമേധാവികൾക്കെതിരെ കലാപത്തിന് നേതൃത്വം നൽകിയ ആളാണ് യെവ്‌ജെനി പ്രിഗോഷിൻ.
മോസ്കോയിൽനിന്ന് സെന്റ് പീറ്റേർസ്ബർഗിലേക്കുപോയ വിമാനമാണ് ബുധനാഴ്ച വൈകിട്ട് അപകടത്തില്‍പെട്ടത്. വിമാനം ത്വെർ മേഖലയിലെ കുഷെൻകിനോ ഗ്രാമത്തിനു സമീപമാണ് തകർന്നതെന്ന് റഷ്യയുടെ അടിയന്തരസാഹചര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യൻ പ്രാദേശികമാധ്യമമായ ആർ.ഐ.എ നോവോസ്റ്റിയാ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ജീവനക്കാരുൾപ്പെടെ പത്തുപേരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഗ്രേ സോണിലെ വാഗ്നറുമായി ബന്ധമുള്ള ഒരു ടെലിഗ്രാം ചാനലാണ് അദ്ദേഹം മരിച്ചതായി പ്രഖ്യാപിച്ചത്. റഷ്യയുടെ രാജ്യദ്രോഹികളായ അജ്ഞാതരുടെ കൈകളാൽ പ്രിഗോഷിൻ മരണമടഞ്ഞെന്നായിരുന്നു ചാനലില്‍ വന്ന റിപ്പോര്‍ട്ട്. അപകടത്തില്‍ പ്രിഗോഷിന്റെ വലംകയ്യായ ദിമിത്രി ഉറ്റ്കിന്റേയും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം അപകടത്തെക്കുറിച്ച് ക്രെംലിനിൽ നിന്നോ, പ്രതിരോധമന്ത്രാലയത്തിൽ നിന്നോ ഔദ്യോഗിക റിപ്പോർട്ടുകളൊന്നും വന്നിട്ടില്ല.