പ്രമുഖ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്സിൽ ഇനി വാര്‍ത്തകളുടെ തലക്കെട്ടും വാചകവും പ്രദർശിപ്പിക്കില്ലെന്ന് മസ്ക്. പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിക്കുന്ന വാർത്താലേഖനങ്ങളിലേക്കുള്ള ലിങ്കുകളിൽ നിന്ന് ലീഡ് ഇമേജ് മാത്രം നിലനിർത്താനാണ് കമ്പനിയുടെ തീരുമാനം. ഇതോടെ വാർത്തകളുടെ റീച്ച് കുറയാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സാധാരണയായി, വാർത്താലിങ്കുകൾ ഉപഭോക്താക്കളുടെ ടൈംലൈനിൽ ഒരു ചിത്രം, കോഴ്സ്, ചുരുക്കിയ തലക്കെട്ട് എന്നിവ ‘കാർഡുകൾ’ ആയാണ് വരാറുള്ളത്. എന്നാൽ, പുതിയ അപ്ഡേഷനിൽ നിന്ന് തലക്കെട്ട് നീക്കംചെയ്യാനാണ് മസ്കിന്റെ പദ്ധതി. ഉപഭോക്താക്കളിലേക്ക് സബ്സ്ക്രിപ്ഷൻ സേവനം എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. സബ്സ്ക്രിപ്ഷൻ എടുക്കുന്നവർക്ക് പ്രത്യേക ആനുകൂല്യം ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.
ദിവസങ്ങൾക്കുമുൻപ് മാധ്യമപ്രവർത്തകർക്ക് ‘എക്സ്’ പ്രത്യേക ഓഫർ പ്രഖ്യാപിച്ചിരുന്നു. എക്സിൽ ലേഖനങ്ങൾ നേരിട്ട് പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന മാധ്യമപ്രവർത്തകർക്ക് ഉയർന്ന വരുമാനവും അവസരവും നൽകുമെന്നാണ് മസ്കിന്റെ വാഗ്ദാനം. എന്നാല്‍ ഈ ആനുകൂല്യം എപ്പോൾ ലഭ്യമാകുമെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ മസ്ക് പുറത്തുവിട്ടിട്ടില്ല.