ഫിഡെ ചെസ്സ് ലോകകപ്പ് ഫൈനൽ വിജയി ആരെന്ന് ഇന്നറിയാം. ഇന്ത്യൻ കൗമാരതാരം ആർ. പ്രഗ്നാനന്ദയും ലോക ഒന്നാംനമ്പർ താരം മാഗ്നസ് കാൾസണും തങ്ങളുടെ ആദ്യ രണ്ട് ക്ലാസിക്കൽ ഗെയിമുകളിലും സമനില വാങ്ങിയതോടെയാണ് ചാമ്പ്യനെ ടൈ ബ്രേക്കറിലൂടെ കണ്ടെത്താന്‍ തീരുമാനിച്ചത്. ചൊവ്വാഴ്ചയായിരുന്നു ലോകകപ്പ് ഫൈനല്‍ ആദ്യറൗണ്ട് നടന്നത്.
രണ്ടാം ഗെയിമിൽ കറുപ്പ് കരുക്കളുമായി കളത്തിലിറങ്ങിയ പ്രഗ്നാനന്ദയാണ് മത്സരത്തിന്റെ തുടക്കത്തിൽ മുന്നിട്ടുനിന്നത്. എന്നാൽ ഈ നേട്ടം അവസാനംവരെ നിലനിർത്താൻ പ്രഗ്നാനന്ദയ്ക്കായില്ല. അവസാനമായപ്പോഴേക്കും സമയപ്രശ്നം മൂലം ഇരുവർക്കും സമനിലയിൽ പിരിയേണ്ടിവന്നു. 15 നീക്കങ്ങൾക്കു മുന്നോടിയായിത്തന്നെ ഇരുവർക്കും രാജ്ഞിയെ നഷ്ടപ്പെട്ടു. 16 നീക്കങ്ങൾക്കുശേഷം കാൾസൻ എല്ലാ നീക്കങ്ങളിലും കൂടുതൽ അക്രമണാത്മകമായി കാണപ്പെട്ടെങ്കിലും പ്രഗ്നാനന്ദ ശാന്തനായാണ് കളിയെ സമീപിച്ചത്.
ഇതുവരെ നടന്ന രണ്ട് ഗെയിമുകളിലും വിജയികളില്ലാത്തതിനാൽ മത്സരത്തിന്റെ മൂന്നാംദിനം രണ്ട് ടൈ ബ്രേക്കറുകൾ റാപ്പിഡ് ഫോർമാറ്റിലാണ് കളിക്കുക. വൈകുന്നേരം നാലരയ്ക്ക് റാപ്പിഡ് ഫയർ ആരംഭിക്കും. കാൾസനും പ്രഗ്നാനന്ദയ്ക്കും 25 മിനിറ്റ് വീതമാണ് ലഭിക്കുക. ഒപ്പം ഓരോനീക്കത്തിനും സമയവർധനവ് നൽകും. എന്നിട്ടും വിജയിയെ തീരുമാനിച്ചിട്ടില്ലെങ്കിൽ, അഞ്ചു മിനിറ്റ് സമയനിയന്ത്രണവും ഓരോ നീക്കത്തിനും മൂന്നു സെക്കൻഡ് വർധനവും നിശ്ചയിച്ച് രണ്ട് റാപ്പിഡ് ഗെയിമുകൾ കൂടി കളിക്കും. സ്കോർ പിന്നെയും സമനിലയാണെങ്കിൽ, ഒറ്റ ബ്ലിറ്റ്സ് ഗെയിമിൽ സഡൻ ഡെത്ത് മോഡിലാവും ഫൈനൽ കളിക്കുക.