Monday, November 25, 2024

ഇന്ത്യൻ ​ഗുസ്തി ഫെഡറേഷന് സസ്പെന്‍ഷന്‍

തിരഞ്ഞെടുപ്പ് നടത്താന്‍ വൈകുന്നതില്‍ ഇന്ത്യൻ ​ഗുസ്തി ഫെഡറേഷനെതിരെ കടുത്ത നടപടി സ്വീകരിച്ച് ലോക ​ഗുസ്തി ഫെഡറേഷൻ. ഡബ്ല്യു.എഫ്‌.ഐയെ സസ്പെന്‍ഡ് ചെയ്തതായി ലോക ​ഗുസ്തി ഫെഡറേഷൻ അറിയിച്ചു. ഇതോടെ സസ്പെൻഷൻ മാറുന്നതുവരെ ഇന്ത്യൻ താരങ്ങൾക്ക് ദേശീയപതാകയ്ക്കുകീഴിൽ മത്സരിക്കാനാവില്ല.

മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിം​ഗിനെതിരെ ലൈം​​ഗികാരോപണം ഉന്നയിച്ചതുമുതൽ നിരവധി വിവാദങ്ങളിലൂടെയാണ് ദേശീയ ​ഗുസ്തി ഫെഡറേഷൻ കടന്നുപോകുന്നത്. മൂന്നുതവണയായി ഡബ്ല്യു.എഫ്‌.ഐ തിരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചെങ്കിലും ഓരോ കാരണങ്ങളാല്‍ ഇത് മാറ്റിവയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ്കടുത്ത നടപടിയുമായി ലോക ​ഗുസ്തി ഫെഡറേഷൻ രംഗത്തെത്തിയത്.

മെയ് ഏഴിന് ​ഗുസ്തി ഫെഡറേഷനിലേക്ക് തിരഞ്ഞെടുപ്പ് നടന്നെങ്കിലും കേന്ദ്ര കായികമന്ത്രാലയം ഇത് അസാധുവാക്കി. പിന്നീട് തിരഞ്ഞെടുപ്പ് നടത്താൻ ശ്രമിച്ചപ്പോഴൊക്കെ സംസ്ഥാന ഫെഡറേഷനുകൾ അതൃപ്തി പ്രകടിപ്പിച്ചു. വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ സംസ്ഥാന ഫെഡറേഷനുകൾ കോടതിയെ സമീപിച്ചു. മുമ്പ് ബ്രിജ്ഭൂഷൺ ശരൺസിം​ഗിനെതിരായ ലെെം​ഗികാരോപണത്തിൽ ഇന്ത്യൻ ​ഗുസ്തി ഫെഡറേഷന് ജനുവരിയിലും മെയിലും രണ്ടുതവണ വിലക്കേർപ്പെടുത്തിയിരുന്നു. തുടർന്ന് താൽക്കാലിക സമിതിയാണ് ഇന്ത്യൻ ​ഗുസ്തിയെ നയിച്ചത്.

അതേസമയം, സസ്പെന്‍ഷന്‍ നിലനില്‍ക്കുന്നതിനാല്‍ സെപ്റ്റംബർ 16-നു തുടങ്ങുന്ന ലോക ​ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങൾക്ക് ദേശീയപതാകയ്ക്കു കീഴിൽ മത്സരിക്കാനാവില്ല. മറിച്ച് ഇവര്‍ക്ക് നിഷ്പക്ഷ ബാനറിനുകീഴില്‍ മത്സരിക്കാം.

Latest News