ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനായുള്ള സൈനികതല ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനായി ദൗലത്ത് ബേഗ് ഓൾഡിയിലും (ഡി.ബി.ഒ) ചുഷൂലുമാണ് ചര്‍ച്ചകള്‍ നടന്നത്.
കിഴക്കന്‍ ലഡാക്കിലെ അതിർത്തിമേഖലകളില്‍ സംഘര്‍ഷം ഒഴിവാക്കുന്നതിനായാണ് ആറുദിവസം നീണ്ടുനിന്ന മേജർ-ജനറൽതല ചർച്ചകൾ നടന്നത്. ആഗസ്റ്റ് 19-നാണ് ഇന്ത്യയും ചൈനയും ഡി.ബി.ഒയിലും കിഴക്കൻ ലഡാക്കിലെ ചുഷുൽ സെക്ടറിലും ചർച്ചകൾ ആരംഭിച്ചത്. ത്രിശൂൽ ഡിവിഷൻ കമാൻഡർ മേജർ ജനറൽ പി.കെ. മിശ്രയും യൂണിഫോം ഫോഴ്സിന്റെ കമാൻഡറായ മേജർ ജനറൽ ഹരിഹരനും രണ്ടു സ്ഥലങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തു. ദെപ്സാങ് സമതലത്തിലെയും ചാർഡിംഗ് നിലുങ് നല്ലഹ് (സി.എൻ.എൻ) ജംഗ്ഷനിലെയും അതിർത്തിപ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് ചര്‍ച്ചകള്‍ക്കുശേഷം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം, ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.