Monday, November 25, 2024

വാഗ്നര്‍ ഗ്രൂപ്പ് മേധാവി പ്രിഗോഷിന്റെ മരണം സ്ഥിരീകരിച്ച് റഷ്യ

വാഗ്നര്‍ ഗ്രൂപ്പ് മേധാവി യെവ്‌ഗെനി പ്രിഗോഷിന്റെ മരണം സ്ഥിരീകരിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ബുധനാഴ്ച വൈകിട്ട് വിമാനാപകടത്തില്‍ പ്രിഗോഷിന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ക്രെംലിന്‍ പ്രതികരിച്ചിരുന്നില്ല. ഇതിനിടയിലാണ് പുടിൻ വാര്‍ത്തകള്‍ സ്ഥിരീകരിച്ചുകൊണ്ട് രംഗത്തെത്തിയത്.

“1990-കൾ മുതൽ എനിക്ക് പ്രിഗോഷിനെ അറിയാം. അദ്ദേഹം ജീവിതത്തിൽ ചില ഗുരുതരമായ തെറ്റുകൾ വരുത്തി. എന്നിരുന്നാലും, താന്‍ ആവശ്യപ്പെട്ടപ്പോഴെല്ലാം രാജ്യത്തിനുവേണ്ടിയും തനിക്കുവേണ്ടിയും നല്ല കാര്യങ്ങള്‍ ചെയ്തു. അദ്ദേഹം കഴിവുള്ള ഒരു മനുഷ്യനായിരുന്നു; കഴിവുള്ള ഒരു ബിസിനസ്സുകാരനുമായിരുന്നു” – പുടിന്‍ പറഞ്ഞതായി ദ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച ആഫ്രിക്കയിൽ നിന്ന് പ്രിഗോഷിൻ മോസ്കോയിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്നും തന്നോടുപറഞ്ഞതായി പുടിൻ പറഞ്ഞു. തകർച്ചയെക്കുറിച്ചുള്ള അന്വേഷണം ‘അവസാനം’ വരെ റഷ്യ അന്വേഷിക്കുമെന്നും പുടിന്‍ വ്യക്തമാക്കി.

അതേസമയം, റഷ്യൻ മിസൈലുകളാണ് അപകടത്തിന് കാരണമെന്ന് വാഷിംഗ്ടൺ വിശ്വസിക്കുന്നതായി രണ്ട് യു.എസ് ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സിനോടു പറഞ്ഞു. ഇവ പ്രാഥമിക വിവരങ്ങളാണെന്നും സംഭവത്തിൽ അവലോകനങ്ങൾ നടന്നുവരികയാണെന്നും അവർ പറഞ്ഞു. റഷ്യയ്ക്കുവേണ്ടി യുക്രൈന്‍ യുദ്ധത്തെ മുന്നില്‍നിന്നു നയിച്ച കൂലിപ്പട്ടാളമായ വാഗ്‌നറിന്റെ മേധാവി യെവെഗ്‌നി പ്രിഗോഷിന്‍ സായുധകലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ട് വിമതമേധാവിയായി മാറുകയായിരുന്നു.

Latest News