മാധ്യമപ്രവർത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം നിലനിൽക്കും. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ, നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് സുപ്രീം കോടതിയാണ് വ്യക്തമാക്കിയത്. നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതിവിധിക്കെതിരെ ശ്രീറാം സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധിപ്രസ്താവം.
വേഗത്തില്‍ വാഹനം ഓടിച്ചത് നരഹത്യയാകില്ലെന്നും അതിനാല്‍ നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു വെങ്കിട്ടരാമന്റെ അഭിഭാഷകന്റെ വാദം. എന്നാൽ നരഹത്യാകേസ് റദ്ദാക്കാൻ ഇപ്പോൾ ഉചിതമായ കാരണങ്ങളില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി, വിചാരണ നേരിടേണ്ട കേസാണ് ഇതെന്നും വിലയിരുത്തി. തെളിവുകൾ നിലനിൽക്കുമോ എന്ന് വിചാരണയിൽ പരിശോധിക്കട്ടെയെന്നും കോടതി പറഞ്ഞു.
മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവുകളില്ലെന്നും രക്തത്തിൽ മദ്യത്തിന്റെ അളവ് കണ്ടെത്താനുള്ള സാംപിൾ എടുത്തിട്ടില്ലെന്നും വെങ്കിട്ടരാമന്റെ അഭിഭാഷകന്‍വാദിച്ചു. എന്നാൽ സാഹചര്യത്തെളിവ്, സാക്ഷിമൊഴികൾ എന്നിവ പരിഗണിച്ചാണ് ഹൈക്കോടതി നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് കണ്ടെത്തിയതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാൽ ഇത് റദ്ദാക്കേണ്ട സാഹചര്യം നിലനിൽക്കുന്നില്ല. ശ്രീറാമിന്റെ എല്ലാ അഭിപ്രായങ്ങളും വിചാരണക്കോടതിയെ അറിയിക്കാം; ഇതുമായി ബന്ധപ്പെട്ട തെളിവുകളും നൽകാം. വിചാരണവേളയിൽ ഇക്കാര്യങ്ങൾ പരിശോധിച്ച് തെളിവുകൾ നിലനിൽക്കുമോ ഇല്ലയോ എന്ന് വിചാരണക്കോടതിക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.