വംശീയകലാപം തുടരുന്ന മണിപ്പൂരില്‍ അവശ്യമരുന്നുകൾ ലഭിക്കാതെ എയ്ഡ്സ് രോഗികൾ ദുരിതത്തിലെന്ന് റിപ്പോര്‍ട്ട്. അക്രമസംഭവങ്ങള്‍ നിത്യസംഭവമായതോടെയാണ് മലയോരമേഖലയിൽ താമസിക്കുന്ന രോഗികള്‍ക്ക് അവശ്യമരുന്നുകളുടെ ക്ഷാമം നേരിട്ടത്. എന്നാൽ എച്ച്.ഐ.വി പ്രതിരോധമരുന്നുകൾക്ക് ക്ഷാമമില്ലെന്നാണ് മണിപ്പൂർ സർക്കാർ അവകാശപ്പെടുന്നത്.
സംസ്ഥാനത്ത് ഏകദേശം 28,500 ആളുകളാണ് എച്ച്.ഐ.വി രോഗികളായുള്ളത്. രാജ്യത്തെ ആകെ എയ്ഡ്സ് രോഗികളിൽ 1.04 ശതമാനം പേർ മണിപ്പൂരിൽ നിന്നാണ്. നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ കണക്കനുസരിച്ച്, ഇതിൽ വലിയൊരു പങ്കും ഉയർന്ന അപകടസാധ്യതയുള്ള നിലയിലായതിനാല്‍ ഇവര്‍ക്ക് പരിചരണം ആവശ്യമാണ്. എന്നാല്‍ എച്ച്.ഐ.വി രോഗികൾക്ക് എല്ലാദിവസവും ആവശ്യമായ ആന്റി റിട്രോവൈറൽ മരുന്നുകള്‍പോലും സംഘര്‍ഷത്തെ തുടര്‍ന്ന് മുടങ്ങിയതോടെയാണ് ഇവര്‍ ദുരിതത്തിലായത്.
അതേസമയം, മരുന്നുകൾ സർക്കാർ നടത്തുന്ന എ.ആർ.ടി കേന്ദ്രങ്ങളിൽ സൗജന്യമായി ലഭിക്കും. എന്നാല്‍ മണിപ്പൂർ സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയിൽ നിന്ന് ചുരാചന്ദ്പൂർ ആന്റി റിട്രോവൈറൽ സെന്ററിന് അവസാനമായി മരുന്നുകൾ ലഭിച്ചത് ജൂൺ 24-നായിരുന്നു. ഇവയുടെ വിതരണം മെയ്തേയ് ആധിപത്യമുള്ള ജനക്കൂട്ടം തടസ്സപ്പെടുത്തുന്നതായും കുക്കി-സോ ഗ്രൂപ്പുകള്‍ ആരോപിക്കുന്നു.