വാഗ്നര്‍ ഗ്രൂപ്പ് മേധാവി യെവ്ഗിനി പ്രിഗോഷിൻ വിമാനാപകടത്തില്‍ മരിച്ച സംഭവത്തില്‍ റഷ്യയ്ക്കു പങ്കുണ്ടെന്ന ആരോപണത്തില്‍ പ്രതികരിച്ച് പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ്. വിമാനാപകടത്തിനു പിന്നിൽ തങ്ങളാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പെസ്കോവ് വെള്ളിയാഴ്ച പ്രതികരിച്ചു. പ്രിഗോഷിൻ സഞ്ചരിച്ച വിമാനം തകർന്നത് വിമാനത്തിനുള്ളിൽ തന്നെയുണ്ടായ സ്ഫോടനത്തിലാണെന്നാണ് യുഎസിന്‍റെ ആരോപണം.
പ്രിഗോഷിനും വാഗ്നർ സംഘത്തിലെ ആറുപേരും വിമാന ജീവനക്കാരുമടങ്ങുന്ന സംഘം സഞ്ചരിച്ച വിമാനം ബുധാനാഴ്ച വൈകിട്ടാണ് തകര്‍ന്നുവീണത്. വിമാനാപകടത്തിനു പിന്നില്‍ റഷ്യയാണെന്ന ആരോപണവും തുടർന്ന് ശക്തമായിരുന്നു. തങ്ങളുടെ സുരക്ഷയെക്കുറിച്ച് അതിശ്രദ്ധാലുക്കളായ വാഗ്നർ സംഘത്തിലെ ഏറ്റവും ഉന്നതരായ ഉദ്യോഗസ്ഥർ എല്ലാവരും ഒരേ വിമാനത്തിൽ എങ്ങനെ സഞ്ചരിച്ചുവെന്നതാണ് പ്രധാന ആരോപണമായി ഉന്നയിച്ചത്. പ്രിഗോഷിനെ ലക്ഷ്യമിട്ട് വിമാനത്തിനകത്തുതന്നെ സ്ഫോടനം നടത്തിയതായും യു എസ് ആരോപിക്കുന്നു.
അതേസമയം, യു എസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ആരോപണങ്ങള്‍ നിഷേധിച്ചാണ് റഷ്യന്‍ വക്താവ് രംഗത്തെത്തിയത്. അപകടത്തില്‍ റഷ്യയ്ക്ക് യാതൊരു ബന്ധമില്ലെന്നും വിമാനം തകര്‍ന്നുവീഴാനുണ്ടായ കാരണവുമായി ബന്ധപ്പെട്ട് ഫോറൻസിക്, ഡി.എൻ.എ പരിശോധനകളടക്കമുള്ളവ നടന്നുവരികയാണെന്നും പെസ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.