Monday, November 25, 2024

പാക്കിസ്താന്‍ പൊതുതിരഞ്ഞെടുപ്പ് ഫെബ്രുവരിയിലുണ്ടാകും; മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍

പാക്കിസ്താനിലെ പൊതുതിരഞ്ഞെടുപ്പ് അടുത്ത ഫെബ്രുവരിയിലുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറുടെ ഉറപ്പ്. പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാകിസ്താൻ മുസ്‍ലിംലീഗ് (എൻ) വിഭാഗം മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ സിക്കന്ദർ സുൽത്താൻ രാജയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. പി.എം.എൽ-എൻ വിഭാഗം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായി വെള്ളിയാഴ്ചയാണ് കൂടിക്കാഴ്ച നടത്തിയത്.

“മണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയിക്കുന്നതിനും വോട്ടർ പട്ടിക പുതുക്കുന്നതിനുമുള്ള ഒരുക്കങ്ങൾ രാജ്യത്ത് നടത്തിവരികയാണ്. രണ്ട് ജോലികളും ഒരേസമയം പൂർത്തിയാക്കിയശേഷം 2024 ഫെബ്രവുരിയില്‍ തിരഞ്ഞെടുപ്പ് നടത്തും” മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ ഉറപ്പു നല്‍കിയതായി പി.എം.എൽ-എൻ നേതാക്കള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമാകുമെന്നും എല്ലാ പാർട്ടികൾക്കും തുല്യ അവസരങ്ങൾ ലഭിക്കുമെന്നും ചീഫ് ഇലക്ഷൻ കമീഷണർ ഉറപ്പു നൽകി. പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചതായും നേതാക്കള്‍ കൂട്ടിച്ചേർത്തു.

പി.എം.എൽ-എൻ നേതാക്കളായ അഹ്‌സൻ ഇഖ്ബാൽ, അസം നസീർ തരാർ, സാഹിദ് ഹമീദ് എന്നീ നേതാക്കളാണ് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തിയത്.

Latest News