ജി 20 ഉച്ചകോടി നടത്താൻ ഇന്ത്യ പൂർണ സജ്ജമായി കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 104-ാം എപ്പിസോഡിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
“സെപ്റ്റംബർ മാസം ഇന്ത്യയുടെ സാധ്യതകൾക്ക് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നു. ജി 20 നേതാക്കളുടെ ഉച്ചകോടിക്ക് ഞങ്ങൾ പൂർണ്ണമായും തയ്യാറാണ്. ഈ പരിപാടിയിൽ പങ്കെടുക്കാൻ 40 രാജ്യങ്ങളുടെയും നിരവധി ആഗോള സംഘടനകളുടെയും തലവൻമാർ ഡൽഹിയിലെത്തും. ഇത് ജി20 ഉച്ചകോടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമായിരിക്കും.”- പ്രധാനമന്ത്രി മോദി പറഞ്ഞു.
2022 ഡിസംബർ ഒന്നിന് ഇന്തോനേഷ്യയിൽ നിന്നാണ് ജി20 അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്തത്. ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടി വിജയിപ്പിക്കാനും രാജ്യത്തിന് മഹത്വം കൊണ്ടുവരാനും എല്ലാ ജനങ്ങളോടും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. വാരണാസിയിൽ നടന്ന ജി20 ക്വിസിൽ 800 സ്കൂളുകളിൽ നിന്നുള്ള 1.25 ലക്ഷം വിദ്യാർഥികൾ പങ്കെടുത്തത് ലോക റെക്കോർഡായി മാറിയെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
അർജന്റീന, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുകെ, യുഎസ്, യൂറോപ്യൻ യൂണിയനുകൾ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് ജി20 അല്ലെങ്കിൽ ഗ്രൂപ്പ് ഓഫ് 20.