ചന്ദ്രയാന്‍-3 ദൗത്യം വിജയിച്ചതോടെ ഇന്ത്യയ്ക്കും ഐ.എസ്.ആര്.ഒ സംഘത്തിനും അഭിനന്ദനപ്രവാഹം. അന്താരാഷ്ട്ര ബഹിരകാശ ഏജൻസികളും ലോകരാജ്യങ്ങളുമാണ് അഭിനന്ദനങ്ങള്‍ അറിയിച്ച് രംഗത്തെത്തിയത്.
ആഗോള ബഹിരാകാശ ഏജന്‍സികളായ നാസ, യൂറോപ്യന്‍, യു.കെ സ്പേസ് ഏജന്‍സി അടക്കമുള്ള ബഹിരകാശാ ഏജൻസികൾ ദൗത്യം വിജയിച്ചതിൽ ഇന്ത്യയെ അഭിനന്ദിച്ചു. ഇതിനുപുറമെ റഷ്യ, അമേരിക്ക, യു.എ.ഇ, സൗത്ത് ആഫ്രിക്ക, നേപ്പാള്‍, മാലിദ്വീപ് അടക്കം നിരവധി രാജ്യങ്ങളും ചന്ദ്രയാന്‍ മൂന്നിന്റെ വിജയത്തില്‍ ഇന്ത്യയ്ക്ക് അഭിനന്ദനമറിയിച്ചു. ചന്ദ്രനില്‍ വിജയകരമായി ഇറങ്ങിയതില്‍ ഇന്ത്യയിലെ സുഹൃത്തുക്കള്‍ക്ക് അഭിനന്ദനങ്ങളെന്നാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞത്. രാഷ്ട്രങ്ങള്‍ കെട്ടിപ്പടുക്കുന്നത് സ്ഥിരോത്സാഹത്തിലൂടെയാണ്. ഇന്ത്യ ചരിത്രം സൃഷ്ടിക്കുന്നത് തുടരുന്നെന്നും അദ്ദേഹം പറഞ്ഞു. ദൗത്യം വിജയകരമാക്കിയ ഐ.എസ്.ആര്.ഒ സംഘത്തെ അഭിനന്ദിച്ച് പ്രസിഡന്റും രംഗത്തെത്തി. റോവറിനെ ചന്ദ്രോപരിതലത്തില്‍ വിന്യസിച്ചുവെന്ന് രാഷ്ട്രപതി അറിയിച്ചു.
ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്രദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതോടെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ മാന്‍സിനസ് സി, സിംപിലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാന്‍ മൂന്ന് ഇറങ്ങിയത്. നാലു കിലോമീറ്റര്‍ വീതിയും 2.4 കിലോമീറ്റര്‍ നീളവുമുള്ള പ്രദേശമാണ് ലാന്‍ഡിങ്ങിനായി തെരഞ്ഞെടുത്തിരുന്നത്.