Tuesday, November 26, 2024

ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് കന്നിസ്വര്‍ണം: അഭിമാനമായി നീരജ് ചോപ്ര

ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാനമായി നീരജ് ചോപ്ര. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 88.17 മീറ്റർ എറിഞ്ഞ് സ്വർണം നേടിയാണ് താരം രാജ്യത്തിന്റെ അഭിമാനമായത്. ഇതോടെ ആഗോള അത്ലറ്റിക്സ് മീറ്റില്‍ സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും താരം സ്വന്തം പേരില്‍ കുറിച്ചു.

ബുഡാപെസ്റ്റില്‍, ഒപ്പം മത്സരിച്ച 12 പേര്‍ക്കും മുന്നില്‍ സമ്പൂർണ്ണ ആധിപത്യം നേടിയാണ് നീരജിന്റെ സ്വര്‍ണമെഡല്‍ നേട്ടം. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയുടെ ആദ്യശ്രമം ഫൗളായിരുന്നു. തന്റെ രണ്ടാം ശ്രമത്തിലാണ് താരം 88.17 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം ഉറപ്പിച്ചത്. പിന്നാലെ 86.32 മീ., 84.64 മീ., 87.73 മീ, 83.98 മീ. എന്നിങ്ങനെയായിരുന്നു പ്രകടനം. വനിതകളുടെ ലോങ്ജമ്പില്‍ അഞ്ജു ബോബി ജോര്‍ജിന്റെ വെങ്കലമെഡലിനും കഴിഞ്ഞ വര്‍ഷം യൂജിനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ നീരജ് നേടിയ വെള്ളിമെഡലിനും ശേഷം ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാം മെഡല്‍ കൂടിയാണിത്.

അതേസമയം, ഒളിമ്പിക്‌സിലും ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണമെഡല്‍ കരസ്ഥമാക്കുന്ന അത്യപൂര്‍വനേട്ടമാണ് നീരജ് സ്വന്തമാക്കിയിരിക്കുന്നത്. ഒളിമ്പിക്സ് സ്വര്‍ണമെഡല്‍, ഡയമണ്ട് ട്രോഫി, ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമെഡല്‍ എന്നിവയുള്‍പ്പെടെയുള്ള ആഗോള മെഡലുകള്‍ നേടാനും നീരജ് ചോപ്രയ്ക്ക് കഴിഞ്ഞു. പാക്കിസ്ഥാന്റെ അര്‍ഷാദ് നദീമാണ് 87.82 എന്ന മികച്ച ദൂരം കുറിച്ച് വെള്ളി നേടിയത്. ഇത് അര്‍ഷാദിന്റെ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ്. ഒളിമ്പിക്സ് വെള്ളിമെഡല്‍ ജേതാവ് ജാക്കൂബ് വാഡ്ലെച്ച് 86.67 മീറ്ററുമായി വെങ്കലം നേടി.

Latest News