Wednesday, November 27, 2024

കൊല്ലപ്പെടുമെന്ന് പേടിച്ച് കറുത്ത വംശജര്‍ ജീവിക്കേണ്ട സാഹചര്യം അനുവദിക്കാനാകില്ല: ജോ ബൈഡൻ

അമേരിക്കയിലെ ഫ്ളോറിഡയിലുണ്ടായ വംശീയ ആക്രമണത്തിനു പിന്നാലെ പ്രതികരണവുമായി പ്രസിഡന്റ് ജോ ബൈഡൻ രംഗത്ത്. കൊല്ലപ്പെടുമെന്നു പേടിച്ച് കറുത്ത വംശജർക്ക് ജീവിക്കേണ്ടിവരുന്ന സാഹചര്യം അനുവദിക്കാനാക്കില്ലെന്ന് ബൈഡൻ പറഞ്ഞു. ശനിയാഴ്ച കറുത്ത വംശജരായ മൂന്നുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിദ്വേഷം നിറഞ്ഞ പ്രവൃത്തികളെ അമേരിക്കൻസമൂഹം നിശ്ശബ്ദമായി ഉൾക്കൊള്ളരുത് എന്നായിരുന്നു ബൈഡന്റെ ആഹ്വാനം. ”സ്കൂളിലോ, കടയിലോ പോകുന്ന ഒരു കറുത്ത വംശജൻ തിരിച്ച് ജീവനോടെ വീട്ടിലെത്താനാകുമോ എന്നറിയാതെ പേടിക്കേണ്ടിവരുന്നു. വിദ്വേഷത്തിന്റെ പ്രവൃത്തികൾക്ക് സുരക്ഷിതതാവളം ഒരുക്കരുത്. നമ്മൾ നിശ്ശബ്ദരായിരിക്കരുത്” – ബൈഡൻ പ്രസ്താവനയിൽ കുറിച്ചു. വെളുത്തനിറത്തിന് അമേരിക്കയിൽ യാതൊരു മേധാവിത്വവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജാക്സൺ വില്ലയിലെ കറുത്ത വര്‍ഗക്കാർക്കായുള്ള എഡ്വേര്‍ഡ് വാട്ടേഴ്‌സ് യൂണിവേഴ്‌സിറ്റിക്കു സമീപത്തെ കടയില്‍ ശനിയാഴ്ചയായിരുന്നു വെടിവയ്പ്പുണ്ടായത്. കറുത്ത വംശജരായ മൂന്നുപേരെ കൊലപ്പെടുത്തിയശേഷം അക്രമി സ്വയം വെടിവച്ചു മരിച്ചു. വംശീയമായ ആക്രമണമാണുണ്ടായതെന്ന് നിസ്സംശയം വ്യക്തമാണെന്ന് പ്രാഥമിക അന്വേഷണത്തിനുശേഷം എഫ്.ബി.ഐ വ്യക്തമാക്കിയിരുന്നു.

Latest News