ഓണത്തോടനുബന്ധിച്ച് എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും സപ്ലൈകോ സൗജന്യ കിറ്റ് നല്‍കുമെന്ന പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷം. കടുത്ത സാമ്പത്തികപ്രതിസന്ധി കാരണം മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുമാത്രം കിറ്റ് പരിമിതപ്പെടുത്തിയ സാഹചര്യത്തിലാണ് കിറ്റ് നിഷേധിച്ച് പ്രതിപക്ഷം രംഗത്തെത്തിയത്. സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും നല്‍കാത്ത സൗജന്യ കിറ്റ് യു.ഡി.എഫ് ജനപ്രതിനിധികളും സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് സപ്ലൈകോയെ അറിച്ചു.
മന്ത്രിമാർ ഉൾപ്പെടെ എല്ലാ നിയമസഭാംഗങ്ങൾക്കും എം.പിമാർക്കും ചീഫ് സെക്രട്ടറിക്കുമാണ് സപ്ലൈകോ 12 ഇനം ‘ശബരി’ ബ്രാൻഡ് സാധനങ്ങളടങ്ങിയ കിറ്റ് നല്‍കിയത്. പ്രത്യേകം ഡിസൈൻ ചെയ്ത ബോക്സിൽ ഭക്ഷ്യ-പൊതുവിതരണമന്ത്രിയുടെ ഓണസന്ദേശവുമുണ്ട്. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഇറച്ചിമസാല, ചിക്കൻമസാല, സാമ്പാർപ്പൊടി,രസം പൊടി, കടുക്, ജീരകം എന്നിവ 100 ഗ്രാം വീതവും ആട്ട ഒരു കിലോ, വെളിച്ചെണ്ണ ഒരു ലിറ്റർ, തേയില 250 ഗ്രാം എന്നിവയുമാണ് കിറ്റിലുള്ളത്.
അതേസമയം, പ്രതിപക്ഷം എതിര്‍പ്പ് അറിയിച്ചതോടെ മന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തി. മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ഓണക്കിറ്റ് നല്‍കിയിട്ടില്ലെന്നും അത്തരമൊരു തീരുമാനം വന്നാല്‍ അത് സര്‍ക്കാര്‍തലത്തില്‍ എടുക്കേണ്ട തീരുമാനമാണെന്നുമാണ് വിശദീകരണം. “സര്‍ക്കാരിന്റെ കീഴിലുള്ള കമ്പനിയാണ് ശബരി. ഓണക്കാലത്ത് അവരുടെ ഉല്പന്നങ്ങള്‍ക്ക് പുതുമോടി നല്‍കി പുതിയ കവറില്‍ കൂടുതല്‍ ഉല്പന്നങ്ങളും ശബരി ഇറക്കി. ഈ സാമ്പിള്‍ ശബരി ഉല്പന്നങ്ങളാണ് പ്രത്യേക പാക്കറ്റില്‍ മന്ത്രിമാര്‍ക്കും എം.പിമാര്‍ക്കും നല്‍കിയത്. ഇത് എല്ലാ വര്‍ഷവും ചെയ്യുന്ന കാര്യവുമാണ്. ശബരി ഉല്പന്നങ്ങളല്ലാതെ മറ്റൊന്നും ഈ പാക്കറ്റിലില്ല” – മന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു.