സിംബാബ് വെ പ്രസിഡന്റായി രണ്ടാം തവണയും എമേഴ്സൺ മംഗഗ്വ തിരഞ്ഞെടുക്കപ്പെട്ടു. പൊതുതിരഞ്ഞെടുപ്പില്‍ രണ്ടാം തവണയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമെന്നുള്ള വിലയിരുത്തലുകള്‍ ശരിവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിജയം. ദീർഘകാലം രാജ്യം ഭരിച്ച റോബർട് മുഗാബെയെ സൈനിക അട്ടിമറിയെ തുടര്‍ന്ന് 2017 ല്‍ പുറത്താക്കിയാണ് മംഗഗ്വ സിംബാബ് വെ പ്രസിഡന്റായി ചുമതലയേറ്റത്.
രണ്ടു ദിവസം നീണ്ടുനിന്ന പൊതുതിരഞ്ഞെടുപ്പില്‍ 52.6 ശതമാനം വോട്ടുകളാണ് എമേഴ്സൺ മംഗഗ്വ നേടിയത്. അദ്ദേഹത്തിന്റെ മുഖ്യ എതിരാളിയായിരുന്ന നെൽസൺ ചാമിസയ്ക്ക് 44 ശതമാനം വോട്ടും ലഭിച്ചു. തിരഞ്ഞെടുപ്പില്‍ 80കാരനായ മംഗഗ്വയ്ക്ക് കാര്യമായ വെല്ലുവിളി ഉയർത്താൻ 45കാരനായ ചാമിസയ്ക്കു കഴിഞ്ഞില്ലെന്നാണ് വിലയിരുത്തല്‍.
അതേസമയം, തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടതായി ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. തിരഞ്ഞെടുപ്പ് പ്രക്രിയ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ചായിരുന്നില്ലെന്ന് വിദേശത്തുനിന്നെത്തിയ നിരീക്ഷകരും പറഞ്ഞു.