Tuesday, November 26, 2024

ചെലവേറുന്നു, ഭക്ഷണരീതി ക്രമീകരിക്കാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

ആരോ​ഗ്യകരമായ ഭക്ഷണത്തിനു ചെലവേറുന്നതിനാല്‍ ഭക്ഷണരീതി ക്രമീകരിക്കാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നതായി സ്റ്റേറ്റ് ഓഫ് സെക്യൂരിറ്റി ആൻഡ് ന്യൂട്രിഷൻ ​ഇൻ ദ വേൾഡ് ന്‍റെ (സോഫി) റിപ്പോര്‍ട്ട്. ചെലവിന് അനുസരിച്ച് വരുമാനത്തില്‍ വര്‍ധനവില്ലെന്നതാണ് ഇതിനു കാരണമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബ്രിക്സ് രാജ്യങ്ങളെയും അയൽ രാജ്യങ്ങളെയും മറികടക്കുന്ന നിലയില്‍ ഇന്ത്യയിൽ ഭക്ഷണത്തിനു വില വർധിച്ചതായും ഐക്യരാഷ്ട്ര സഭയുടെ ഏജൻസി വ്യക്തമാക്കുന്നു.

രാജ്യത്ത് ഒരാൾ തന്റെ വരുമാനത്തിന്റെ 52 ശതമാനവും ഭക്ഷണത്തിനായാണ് ചെലവാക്കുന്നത്. എന്നിട്ടും 74 ശതമാനം ഇന്ത്യക്കാർക്കും ആരോ​ഗ്യകരമായ ഭക്ഷണം ലഭിക്കുന്നില്ല. ഇത് ചെലവിനൊത്ത് വരുമാനം ഉയരാത്തതും വിലക്കയറ്റവും കൊണ്ടാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യകരമായ ഭക്ഷണത്തിന് ചെലവേറുന്നതോടെ ചെലവു കുറഞ്ഞ അനാരോ​ഗ്യകരമായ ഭക്ഷണം ജനങ്ങള്‍ തിരഞ്ഞെടുക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാജ്യത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഭക്ഷണ സാധനങ്ങള്‍ക്ക് വലിയ വിലക്കയറ്റം നേരിട്ടിട്ടുണ്ട്. മുംബൈയില്‍ മാത്രം ഒരു നേരത്തെ ഊണിന്റെ വില അഞ്ച് വർഷം കൊണ്ട് 65 ശതമാനം വർധിച്ചു. എന്നാല്‍, ജനങ്ങളുടെ വരുമാനത്തിൽ 28 ശതമാനം മുതൽ 37 ശതമാനം മാത്രമാണ് വർധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് മുംബൈയിലെ മാത്രം കണക്കുകളാണെങ്കിലും ഇന്ത്യയിലെ മറ്റു ന​ഗരങ്ങളിലും ഇതേ അവസ്ഥയാണെന്നും ഫുഡ് ആൻഡ് അ​ഗ്രിക്കൾച്ചർ ഓർ​ഗനൈസേഷനുമായി സംയുക്തമായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ഏജൻസിയായ സോഫി ചൂണ്ടിക്കാട്ടുന്നു.

Latest News