അടുത്ത അഞ്ച് വര്‍ഷംകൊണ്ട് ജപ്പാന്‍ ഇന്ത്യയില്‍ 3.20 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തുവിട്ട പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
സൈബര്‍ സുരക്ഷ അടക്കം ആറു കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള വാര്‍ഷിക ചര്‍ച്ചയുടെ 14ാം പതിപ്പാണ് ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ നടന്നത്. 2014 ല്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ നിക്ഷേപ പങ്കാളിത്ത പദ്ധതിയുടെ ഭാഗമായാണ് പുതിയ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യ-ജപ്പാന്‍ സാമ്പത്തിക പങ്കാളിത്തത്തില്‍ പുരോഗതി ഉണ്ടായതായി പ്രധാനമന്ത്രി പറഞ്ഞു. ‘ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകരില്‍ ഒന്നാണ് ജപ്പാന്‍. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴിയുമായി ബന്ധപ്പെട്ട് ഇന്ത്യ-ജപ്പാന്‍ ‘ ഒരു ടീം-ഒരു പദ്ധതി’ ആയി പ്രവര്‍ത്തിക്കുന്നു.
ഇന്ത്യയിലെത്തുന്ന ജാപ്പനീസ് കമ്പനികള്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുരോഗതിയും സമൃദ്ധിയും പങ്കാളിത്തവുമാണ് ഇന്ത്യ-ജപ്പാന്‍ ബന്ധത്തിന്റെ അടിസ്ഥാനമെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് കിഷിദ ഇന്ത്യയിലെത്തുന്നത്. 2021 ഒക്ടോബറില്‍ കിഷിദ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മോദി അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധവും ഇരുവരും തമ്മിലുള്ള ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.