ഇന്ത്യയിൽ ഏറെ പ്രചാരത്തിലുള്ള യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യു.പി.ഐ) ഓഗസ്റ്റ് മാസത്തില്‍ ആയിരം കോടി കടന്നു. നാഷണൽ പേമെന്റ്സ് കോർപ്പറേഷന്‍ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ഇതാദ്യമായാണ് യു.പി.ഐ ഇടപാടുകളുടെ എണ്ണം ഒരു മാസം 1,000 കോടി പിന്നിടുന്നത്.
എൻ.പി.സി.ഐയുടെ കണക്കുകള്‍ പ്രകാരം, ഓഗസ്റ്റിൽ പ്രതിദിനം ശരാശരി 33 കോടി ഇടപാടുകൾ നടന്നിട്ടുണ്ട്. ഇതിലൂടെ മൊത്തം 15.78 ലക്ഷം കോടി രൂപ കൈമാറ്റം ചെയ്തു ജൂലൈയിൽ ഇത് 15.34 ലക്ഷം കോടി രൂപയായിരുന്നു. വ്യക്തികൾ തമ്മിൽ പണം കൈമാറ്റം നടത്താനാണ് യു.പി.ഐ അവതരിപ്പിച്ചതെങ്കിലും, ഇപ്പോൾ 57 ശതമാനവും വ്യാപാര ഇടപാടുകളാണ് നടക്കുന്നതെന്നും എൻ.പി.സി.ഐ വെളിപ്പെടുത്തുന്നു. 2019 ഒക്ടോബറിലാണ് ആദ്യമായി യു.പി.ഐ ഇടപാടുകളുടെ എണ്ണം 100 കോടി കവിയുന്നത്.
അതേസമയം, നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. സാമൂഹ്യ മാധ്യമത്തില്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍.പി.സി.ഐ) ഒരു പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി ഇത് അസാധാരണമായ വാര്‍ത്തയാണെന്ന് വിശേഷിപ്പിച്ചു.