കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ, തെക്കന്‍ കേരളത്തിലെ മലയോര മേഖലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴയിലും എറണാകുളത്തും ഇന്ന് കാലാവസ്ഥാ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി നാളെയോടെ ന്യൂനമർദ്ദമായി മാറുന്നത് മഴയ്ക്ക് അനുകൂല സാഹചര്യം ഒരുക്കുമെന്നാണ് വിലയിരുത്തല്‍. മണിക്കൂറില്‍ 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശമുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 2.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ കോന്നി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മൂഴിയർ ,മണിയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ വീണ്ടും തുറന്നു. ഗുരുനാഥൻ മണ്ണ് ഭാഗത്ത് ഇന്നലെ വൈകിട്ടോടെ മലവെള്ളപ്പാച്ചിൽ ഉണ്ടായെന്നും ജില്ലയുടെ കിഴക്കൻ വന മേഖലയിൽ വീണ്ടും ഉരുൾപൊട്ടിയതായി സംശയിക്കുന്നതായും അധികൃതര്‍ അറിയിച്ചു