Sunday, November 24, 2024

മണിപ്പൂര്‍ കലാപം: മാധ്യമങ്ങള്‍ ഏകപക്ഷീയമായി പ്രവര്‍ത്തിച്ചതായി എഡിറ്റേഴ്സ് ​ഗിൽഡ് ഓഫ് ഇന്ത്യ

മണിപ്പൂരില്‍ വംശീയ കലാപത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മാധ്യമങ്ങള്‍ ഏകപക്ഷീയമായാണ് വാർത്തകൾ പ്രസിദ്ധീകരിച്ചെന്ന് കണ്ടെത്തി. വംശീയ അതിക്രമങ്ങളെക്കുറിച്ചുള്ള വാർത്തകൾക്കെതിരെ വിമർശനം ഉയര്‍ന്നതിനു പിന്നാലെ എഡിറ്റേഴ്സ് ​ഗിൽഡ് ഓഫ് ഇന്ത്യ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. സംഘര്‍ഷത്തില്‍ മെയ്തെയ് വിഭാ​ഗത്തിന് അനുകൂലമായാണ് മാധ്യമങ്ങൾ പ്രവർത്തിച്ചെന്ന് കണ്ടെത്തിയതായി എഡിറ്റേഴ്സ് ​ഗിൽഡ് ഓഫ് ഇന്ത്യ അറിയിച്ചു.

എഡിറ്റേഴ്സ് ​ഗിൽഡ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം, കുക്കികളെ കുറിച്ചുളള വാർത്തകൾ വളച്ചൊടിക്കുകയും മെയ്തെയ് വിഭാ​ഗത്തിന്റെ വാർത്തകൾ മറച്ചുവെക്കുകയും ചെയ്തതായി ആരോപിക്കുന്നു. ഏഴു വയസ്സുള്ള കുക്കി ബാലനെ മെയ്തെയ് ആൾക്കൂട്ടം ആക്രമിച്ച വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ല. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുട്ടിയേയും അമ്മയേയും ആംബുലൻസിൽ ജീവനോടെ കത്തിച്ചതുംഎല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാല്‍ കുക്കി ആധിപത്യമുള്ള ചുരാചന്ദ്പൂരിലെ ജില്ലാ ആശുപത്രിയിൽ മ്യാൻമർ പൗരൻമാർക്ക് ചികിത്സ നൽകി എന്ന വാർത്ത പല മാധ്യമങ്ങളും പുറത്തുവിട്ടതായിറിപ്പോര്‍ട്ടില്‍ പറയുന്നു.

അസം റൈഫിൾസിനെ ലക്ഷം വെച്ചുള്ള നിരവധി വ്യാജ വാർത്തകളും പത്രങ്ങളിൽ പ്രസിദ്ധീകരിച്ചതായും ആക്ഷേപമുണ്ട്. സേനക്ക് അനധികൃത കുടിയേറ്റക്കാരുമായും മയക്കുമരുന്ന് തീവ്രവാദികളുമായും അടുത്ത ബന്ധമുണ്ടെന്ന് കാണിക്കുന്ന വാർത്തകളും മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതായി എഡിറ്റേഴ്സ് ​ഗിൽഡ് പറയുന്നു. ഇത്തരം വ്യാജവാർത്തകൾ മണിപ്പൂർ സംഘർഷത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതായും എഡിറ്റേഴ്സ് ​ഗിൽഡ് ചൂണ്ടിക്കാണിക്കുന്നു.

Latest News