Sunday, November 24, 2024

പ്രതിരോധമന്ത്രിയെ പിരിച്ചുവിടും: യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളേഡിമര്‍ സെലന്‍സ്‌കി

യുക്രെയ്ന്‍ പ്രതിരോധമന്ത്രി ഒലെസ്‌കി റെസ്‌നിക്കോവിനെ പിരിച്ചുവിടുകയാണെന്ന് പ്രസിഡന്റ് വ്‌ളേഡിമര്‍ സെലന്‍സ്‌കിയുടെ പ്രഖ്യാപനം. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് വലിയ ഇളക്കം തട്ടിയതിനെ തുടര്‍ന്നാണ് നീക്കം. റെസ്‌നിക്കോവിന് പകരം രാജ്യത്തെ സ്റ്റേറ്റ് പ്രോപ്പര്‍ട്ടി ഫണ്ടിന്റെ തലവനായ റുസ്തം ഉമെറോവിനെ നിയമിക്കുമെന്നും സെലന്‍സ്‌കി അറിയിച്ചു.

“യുക്രെയ്ന്‍റെ പ്രതിരോധ മന്ത്രിയെ മാറ്റാന്‍ തീരുമാനിച്ചു. 550 ദിവസം നീണ്ട യുദ്ധത്തിലൂടെയാണ് ഒലെസ്‌കി റെസ്‌നിക്കോവ് കടന്നു പോയത്. സൈന്യത്തോടും സമൂഹത്തോടുമെല്ലാം മന്ത്രാലയത്തിന് പുതിയ സമീപനങ്ങളും ഇടപെടലുകളും ആവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു”- സെലന്‍സ്‌കി പറഞ്ഞു. ഞായറാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സെലന്‍സ്കി നടത്തിയ വീഡിയോ പ്രസംഗത്തിലാണ് പ്രഖ്യാപനം. റെസ്‌നിക്കോവിനു പകരം ഉമെറോവിനെ നിയമിക്കാനുള്ള തീരുമാനത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രതിരോധ മന്ത്രിയെ മാറ്റണമെങ്കില്‍ പാര്‍ലമെന്റിന്റെ അംഗീകാരം വേണം. വെര്‍ഖോവ്‌ന റഡയിലെ ഭൂരിപക്ഷം നിയമനിര്‍മാതാക്കളും ഇതിനെ പിന്തുണയ്ക്കാനാണ് സാധ്യത. ക്രിമിയന്‍ ടാറ്ററായ മുന്‍ നിയമനിര്‍മാതാവ് ഉമെറോവ് 2022 സെപ്റ്റംബര്‍ മുതല്‍ യുക്രെയ്‌നിന്റെ സ്റ്റേറ്റ് പ്രോപ്പര്‍ട്ടി ഫണ്ടിന്റെ തലവനാണ്. കരിങ്കടല്‍ ധാന്യ ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യവുമുണ്ടായിരുന്നു.

Latest News