Monday, April 21, 2025

ഇന്ത്യയെ അഭിവാദ്യം ചെയ്യുന്നു; ഇന്ത്യയുടെ വിദേശനയത്തെ വാനോളം പുകഴ്ത്തി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഇന്ത്യയുടെ വിദേശനയത്തെ വാനോളം പുകഴ്ത്തി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. എല്ലായ്പോഴും സ്വതന്ത്ര വിദേശനയമാണ് ഇന്ത്യ പിന്തുടരുന്നതെന്നും അതിന് അവരെ താന്‍ അഭിവാദ്യം ചെയ്യുന്നുവെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അമേരിക്കയുടെ ക്വാഡ് (QUAD) സഖ്യത്തില്‍ അംഗമായിരിക്കെ തന്നെ അമേരിക്കയുടെ ഉപരോധം നേരിടുന്ന റഷ്യയില്‍ നിന്ന് ക്രൂഡ് എണ്ണ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യന്‍ തീരുമാനത്തെ പ്രശംസിച്ചുകൊണ്ടാണ് ഇമ്രാന്‍ ഖാന്റെ വാക്കുകള്‍. മലകണ്ടില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

”ഞാന്‍ ഇന്ന് ഇന്ത്യയെ അഭിവാദ്യം ചെയ്യുന്നു. കാരണം അവര്‍ എല്ലായ്പ്പോഴും ഒരു സ്വതന്ത്ര വിദേശനയം നിലനിര്‍ത്തിയിട്ടുണ്ട്. അമേരിക്കയുമായുള്ള ക്വാഡ് സഖ്യത്തില്‍ ഇന്ത്യ അംഗമാണ്. എന്നാല്‍ ഇപ്പോഴും അത് നിക്ഷ്പക്ഷ നിലപാട് പുലര്‍ത്തുന്നു. ഉപരോധം നേരിടുന്ന റഷ്യയില്‍ നിന്നാണ് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത്. കാരണം, ഇന്ത്യയുടെ വിദേശനയം അതിന്റെ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്”. ഖാനെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജനുവരിയില്‍, ഇന്ത്യയുടെ വിവര സാങ്കേതിക മേഖലയിലെ കുതിച്ചുചാട്ടത്തെ ഇമ്രാന്‍ ഖാന്‍ പ്രശംസിക്കുകയും നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്ന നയങ്ങളെ പ്രശംസിക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് 25ന് ഇമ്രാന്‍ ഖാന് എതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാകിസ്ഥാന്‍ ദേശീയ അസംബ്ലി പരിഗണിക്കാനിരിക്കെയാണ് ഇമ്രാന്‍ ഖാന്റെ നിലപാടെന്നതും ശ്രദ്ധേയമാണ്.

 

Latest News