Sunday, November 24, 2024

ചന്ദ്രനിൽ സ്ഥലം വാങ്ങി ഇന്ത്യൻ വ്യവസായി: രജിസ്‌ട്രേഷന്‍ കഴിഞ്ഞു

ചന്ദ്രയാൻ-3 ദൗത്യം വിജയകരമായതിനു പിന്നാലെ ചന്ദ്രനിൽ സ്ഥലം വാങ്ങി ഇന്ത്യൻ വ്യവസായി. ജമ്മുവിൽ നിന്നുള്ള വ്യവസായിയും വിദ്യാഭ്യാസ വിചക്ഷണനുമായ രൂപേഷ് മാസൻ ആണ് ചന്ദ്രനില്‍ സ്ഥലം വാങ്ങിയത്. ചന്ദ്രനിൽ സ്ഥലം വാങ്ങിയതിന്റെ രേഖകൾ ഇ​ദ്ദേഹം തന്നെയാണ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ പങ്കുവെച്ചത്.

“ഞാൻ ന്യൂയോർക്ക് സിറ്റിയിലെ ലൂണാർ രജിസ്ട്രിയിൽ നിന്ന് ഭൂമി വാങ്ങി. അത് ഓഗസ്റ്റ് 25-ന് രജിസ്റ്റര്‍ ചെയ്തു. ചന്ദ്രനിൽ എന്താണുള്ളത് എന്നത് കാണാനും അവിടുത്തെ രഹസ്യങ്ങൾ കണ്ടറിയാനുള്ള ആ​ഗ്രഹമാണ് സ്ഥലം വാങ്ങാനുളള തീരുമാനത്തിലേക്ക് എന്നെ നയിച്ചത്.” രൂപേഷ് മാസൻ പറഞ്ഞു. ചന്ദ്രനിൽ സ്ഥലം വാങ്ങുന്നത് ഭാവിയിലേക്കുള്ള ഒരു തയ്യാറെടുപ്പാണെന്നും ചന്ദ്രനിലും മറ്റ് ഗ്രഹങ്ങളിലുമായി സെലിബ്രിറ്റികളും യുഎസ് മുൻ പ്രസിഡന്റുമാരുമടക്കം 675 പേർ സ്ഥലം വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചന്ദ്രനില്‍ സന്തോഷത്തിന്റെ തടാകം എന്ന് പേരിട്ടിരിക്കുന്ന ലുണ എര്‍ത്ത് മൂണിലാണ് മാസന്‍റെ സ്ഥലം. ന്യൂയോർക്ക് സിറ്റിയിലെ ലൂണാർ രജിസ്ട്രിയിൽ നിന്നായിരുന്നു സ്ഥലമിടപാട്. മാസന് ഈ കമ്പനിയില്‍ നിന്ന് സ്ഥലത്തിന്റെ സാക്ഷ്യപത്രവും ലഭിച്ചു. അതേസമയം, സമീപ കാലത്തായി ചന്ദ്രനില്‍ സ്ഥലം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടത്രെ. ആവശ്യക്കാര്‍ ഏറുമ്പോള്‍ സ്വാഭാവികമായും വിലയേറുമെന്ന് കരുതാം. 49 കാരനായ രൂപേഷ് മാസൻ വ്യവസായിയും ജമ്മുവിലെ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയുമാണ്.

Latest News