ഒക്ടോബർ – നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. അജിത്ത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷൻ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. ഏകദിന ലോകകപ്പ് മത്സരത്തിൽ രോഹിത് ശർമ നയിക്കുന്ന ടീമിൽ ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ.
മലയാളി താരം സഞ്ജു സാംസൺ, സ്പിന്നർമാരായ ആർ. അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ എന്നിവരും പുതിയ ടീമിലില്ല. കെ.എൽ രാഹുലും ഇഷാൻ കിഷനും വിക്കറ്റ് കീപ്പർമാരായി ടീമിലുണ്ട്. പരിക്ക് കാരണം ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള രാഹുലിന് മെഡിക്കൽ ക്ലിയറൻസ് ലഭിച്ചതിന് ശേഷം ആണ് പ്രഖ്യാപനം. നിലവിൽ ഏഷ്യാ കപ്പ് ടീമിനൊപ്പമുള്ള തിലക് വർമയ്ക്കും പ്രസിദ്ധ് കൃഷ്ണയ്ക്കും പതിനഞ്ചംഗ ടീമിൽ അവസരം നൽകിയിട്ടില്ല. മൂന്ന് ഓൾ റൗണ്ടർമാരും നാലു പേസർമാരും ഏഴ് ബാറ്റ്മാന്മാരും അടങ്ങുന്ന ലഭ്യമായതിൽ ഏറ്റവും മികച്ച ടീമിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് രോഹിത് വ്യക്തമാക്കി.
ഒക്ടോബർ അഞ്ചിന് തുടങ്ങുന്ന ലോകകപ്പിൽ എട്ടിന് ഓസ്ട്രേലിയക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 14ന് അഹമ്മദാബാദിലാണ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ സൂപ്പർ പോരാട്ടം.