Sunday, November 24, 2024

ജി 20 ഉച്ചകോടിയുടെ വിജയത്തിനായി എല്ലാ കക്ഷികളുമായും ചേർന്ന് പ്രവർത്തിക്കും: ചൈനീസ് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹിയിൽ ഈ ആഴ്ച നടക്കുന്ന ജി 20 ഉച്ചകോടിയുടെ വിജയത്തിനായി എല്ലാ കക്ഷികളുമായും ചേർന്ന് പ്രവർത്തിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ചൈനീസ് പ്രസിഡന്റ് ഉച്ചകോടിയില്‍ നിന്നും പിന്മാറിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന്റെ പ്രതിഫലനമാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രാലയം.

“ചൈന-ഇന്ത്യ ബന്ധങ്ങളുടെ തുടർച്ചയായ പുരോഗതിയും വളർച്ചയും രണ്ട് രാജ്യങ്ങളുടെയും രണ്ട് ജനങ്ങളുടെയും പൊതു താൽപ്പര്യങ്ങൾ നിറവേറ്റുന്നു. ഈ വർഷത്തെ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിൽ ഞങ്ങൾ ഇന്ത്യയെ പിന്തുണയ്ക്കും, ജി20 ഉച്ചകോടി വിജയകരമാക്കാൻ എല്ലാ കക്ഷികളുമായും പ്രവർത്തിക്കാൻ ചൈന തയ്യാറാണ്,” വക്താവ് മാവോ നിംഗ് പറഞ്ഞു. ജി 20 ഗ്രൂപ്പിന് ചൈന എപ്പോഴും ഉയർന്ന പ്രാധാന്യം നൽകുകയും പ്രസക്തമായ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചൈന-ഇന്ത്യ ബന്ധം സുസ്ഥിരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഉച്ചകോടിയില്‍ ചൈനയെ പ്രതിനിധീകരിച്ച് ഷി ജിൻപിങ്ങിന് പകരം പ്രധാനമന്ത്രി ലി ക്വിയാങ് പങ്കെടുക്കുമെന്നാണ് വിവരം.

Latest News