Monday, November 25, 2024

വാ​ഗ​മ​ണ്ണിലെ ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജിന്റെ ഉദ്ഘാടനം ഇന്ന്

വാ​ഗ​മ​ണ്ണി​ൽ സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് ഇന്ന് (സെപ്റ്റംബര്‍ 6) നാടിനു സമര്‍പ്പിക്കും. പൊ​തു​മ​രാ​മ​ത്ത് – ടൂറിസം വകുപ്പ് മ​ന്ത്രി മുഹമ്മദ് റിയാസാണ് വൈകിട്ട് അഞ്ചിനാണ് ഗ്ലാസ് ബ്രിഡ്ജ് നാടിനു സമര്‍പ്പിക്കുന്നത്. ഇതോടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു സാഹസികതയ്ക്കാണ് വാഗമണ്ണില്‍ അവസരമൊരുങ്ങുന്നത്.

ഇ​ന്ത്യ​യി​ലെതന്നെ ഏ​റ്റ​വും നീ​ളംകൂ​ടി​യ ചി​ല്ലു​പാ​ലമാണ് വാഗമണ്ണിലേത്. 120 അടി നീളമുള്ള ചില്ലുപാലത്തില്‍ 15 പേ​ർക്ക് ക​യ​റാനും അഞ്ചുമുതല്‍ പരമാവധി 10 മിനിറ്റുവരെ പാലത്തില്‍ നില്‍ക്കാനും അനുമതിയുണ്ട്. പ്രായഭേദെമന്യേ 500 രൂപ നിരക്കിലാണ് പ്രവേശനം. സമുദ്രനിരപ്പില്‍നിന്ന് 3,500 അടി ഉയരത്തിലുള്ള ചില്ലുപാലത്തിലൂടെയുള്ള നടത്തം ഇടുക്കിയിലെയും വാഗമണ്ണിലെയും ടൂറിസംമേഖലയുടെ വികസനത്തിലേക്കുള്ള നടന്നുകയറ്റംകൂടിയാണ്. പാലത്തില്‍ നിന്നാല്‍ മു​ണ്ട​ക്ക​യം, കൂ​ട്ടി​ക്ക​ൽ, കൊ​ക്ക​യാ​ർ മേ​ഖ​ല​ക​ൾവ​രെ കാ​ണാ​ൻ സാ​ധി​ക്കും.

സ്വ​കാ​ര്യ സം​രം​ഭ​ക​രു​മാ​യി ചേ​ർന്ന് ടൂ​റി​സംകേ​ന്ദ്ര​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക എ​ന്ന ലക്ഷ്യത്തോടെ ഇ​ടു​ക്കി ഡി.ടി.പി.​സി​യും പെ​രു​മ്പാ​വൂ​രി​ലെ ഭാ​ര​ത് മാ​ത വെ​ഞ്ചേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്റെ കി​ക്കി സ്റ്റാ​ർസും ചേർന്നാണ് ഗ്ലാ​സ്​ ബ്രി​ഡ്ജ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പാലത്തില്‍ കയറുന്നതിനുള്ള തിരക്ക് നിയന്ത്രിക്കുന്നതിന് ആകാശ ഊഞ്ഞാല്‍, സ്‌കൈ സൈക്ലിങ്, സ്‌കൈ റോളര്‍, റോക്കറ്റ് ഇജക്ടര്‍, ഫ്രീഫാള്‍, ജൈന്റ് സ്വിങ്, സിപ് ലൈന്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് നടക്കുന്ന ഉദ്ഘാടനചടങ്ങുകളില്‍ ടൂറിസം മന്ത്രിക്കുപുറമെ വാ​ഴൂ​ർ സോ​മ​ൻ എം.എ​ൽ.എയും ഡീ​ൻ കു​ര്യാ​ക്കോ​സ് എം.പിയും പങ്കെടുക്കും.

Latest News