Monday, November 25, 2024

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ സമർപ്പിക്കാം

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷ സമർപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പുകമ്മീഷന്റെ വിജ്ഞാപനം. സെപ്റ്റംബർ എട്ടുമുതല്‍ ഓൺലൈനായിട്ടാണ് പേര് ചേര്‍ക്കുന്നതിനുള്ള അവസരമുള്ളത്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 23 വരെയാണ്.

sec.kerala.gov.in എന്ന സൈറ്റിൽ ലോഗിൻ ചെയ്താണ് പുതിയ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷ നൽകേണ്ടത്. ജനുവരി ഒന്നിനോ, അതിനു മുമ്പോ 18 വയസ്സ് പൂർത്തിയായവർക്ക് പേര് ചേർക്കാം. കരടുപട്ടിക, ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലും വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും പ്രസിദ്ധീകരിക്കും. പട്ടികയിലെ വിവരങ്ങളിൽ തിരുത്തലുകളുണ്ടെങ്കിൽ ഓൺലൈനിലൂടെ അപേക്ഷിക്കാം. പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിന് ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് പ്രിന്റ് ഔട്ട് നേരിട്ടോ, തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്കു നൽകണം.

തദ്ദേശ ഉപതിരഞ്ഞെടുപ്പിനും 2025 -ലെ തിരഞ്ഞെടുപ്പിനും ആവശ്യമായ ഭേദഗതികളോടെ ഈ പട്ടിക ഉപയോഗിക്കും. അക്ഷയകേന്ദ്രം, അംഗീകൃത ജനസേവനകേന്ദ്രം എന്നിവ മുഖേനയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 941 ഗ്രാമപഞ്ചായത്തുകളിലെ 15,962 വാര്‍ഡുകളും 87 മുനിസിപ്പാലിറ്റികളിലെ 3,113 വാര്‍ഡുകളും ആറ് കോര്‍പ്പറേഷനുകളിലെ 414 വാര്‍ഡുകളും ഉള്‍പ്പടെ 19,489 വാര്‍ഡുകളിലെ വോട്ടര്‍ പട്ടികയാണ് പുതുക്കുന്നത്. 2020 -ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടര്‍ പട്ടിക പുതുക്കുന്നത്. നേരത്തെ, ഉപതിരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകളില്‍ പട്ടിക പുതുക്കിയിരുന്നു.

Latest News