ഇസ്ലാം മതവേഷമായ ‘അബായ’ ധരിച്ച് സ്കൂളിലെത്തിയ വിദ്യാര്‍ഥിനികളെ മടക്കി അയച്ച് ഫ്രഞ്ച് സ്കൂള്‍ അധികൃതര്‍. ഏകദേശം 67 കുട്ടികളെ വീട്ടിലേക്ക് തിരിച്ചയച്ചതായി ഫ്രഞ്ച് വിദ്യാഭ്യാസമന്ത്രി ഗബ്രിയേല്‍ അത്തല്‍ അറിയിച്ചു. വിദ്യാഭ്യാസമേഖലയിൽ ഉണ്ടായിരിക്കേണ്ട മതേതരത്വത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസമാണ് സ്കൂളുകളിൽ അബായ നിരോധിച്ചത്.
അബായ ധരിച്ച് മുന്നൂറോളം പെണ്‍കുട്ടികളാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സ്കൂളുകളിലേക്ക് എത്തിയത്. സ്കൂളിലെത്തിയ വിദ്യാര്‍ഥിനികളെ വസ്ത്രധാരണ നിയമങ്ങള്‍ അറിയിച്ചതോടെ ഇവരില്‍ ഭൂരിഭാഗംപേരും ഇത് അനുസരിക്കുകയും ചെയ്തു. എന്നാല്‍ അബായ മാറ്റാന്‍ വിസമ്മതിച്ച 67 കുട്ടികളോട് മടങ്ങിപ്പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ഒരു ക്ലാസ്സ് മുറിയിലേക്ക് ചെല്ലുമ്പോൾ വിദ്യാർഥികളെ അവരുടെ മതം കണ്ടല്ല തിരിച്ചറിയേണ്ടത്. അതിനാല്‍ സ്കൂളുകളില്‍ അബായ അനുവദിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇടതുപക്ഷം രംഗത്തെത്തി.