ഗവൺമെന്റ് ഓഫീസുകളിൽ ആപ്പിൾ ഐ ഫോണിന് നിരോധനം ഏർപ്പെടുത്തി ചൈനീസ് ഭരണകൂടം. വാള്‍സ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആപ്പിളിന്റെ ഐ ഫോണുകളും മറ്റ് വിദേശ ബ്രാന്‍ഡഡ് ഉപകരണങ്ങളും ജോലിക്കായി ഉപയോഗിക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയത്.
യു.എസ് കഴിഞ്ഞാൽ ആപ്പിളിന്റെ ഏറ്റവും വലിയ വിപണിയാണ് ചൈന. 2023 സാമ്പത്തികവർഷത്തിന്റെ രണ്ടാംപാദത്തിൽ ഐ ഫോൺ ഷിപ്പ്മെന്റിന്റെ 24 ശതമാനവും ചൈനയിലായിരുന്നു. എന്നാല്‍, അടുത്തയാഴ്ച ആപ്പിള്‍ ഇവന്റ് നടക്കാനിരിക്കെയാണ് ഉത്പന്നങ്ങള്‍ക്ക് ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയത്. ഇവന്റില്‍ പുതിയ ഐ ഫോണുകള്‍ അവതരിപ്പിക്കുമെന്ന് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് ചൈനീസ് ബ്രാൻഡുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗംകൂടിയാണ് തീരുമാനമെന്നും കരുതപ്പെടുന്നു. എന്നാല്‍, നിരോധനവുമായി ബന്ധപ്പെട്ട് ഉത്തരവുകളൊന്നും ഇതുവരെ ഭരണകൂടം പുറത്തുവിട്ടിട്ടില്ല.