Monday, April 21, 2025

ബഹിരാകാശ ഗവേഷണരംഗത്ത് ഇന്ത്യയുമായി സഹകരണം ശക്തിപ്പെടുത്തും: സൗദി

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനുമായി സഹകരിക്കാന്‍ സൗദി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവയ്ക്കാൻ സൽമാൻ രാജാവ് അനുമതി നൽകിയതായാണ് വിവരം. ചന്ദ്രയാൻ, ആദിത്യ ദൗത്യങ്ങളിലൂടെ ഇന്ത്യ ലോകശ്രദ്ധ പിടിച്ചുപറ്റിയതിനുപിന്നാലെയാണ് ബഹിരാകാശ ഗവേഷണരംഗത്ത് ഇരുരാജ്യങ്ങളും സഹകരണം ശക്തിപ്പെടുത്താനൊരുങ്ങുന്നത്.

സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ നിയോം സിറ്റിയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇസ്റോയുമായി കരാറില്‍ ഏര്‍പ്പെടാന്‍ തീരുമാനമായത്. തുടര്‍ന്ന് കരാറിന് അംഗീകാരം നൽകി. യോഗത്തില്‍ സൗദി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഐ.ടി വകുപ്പ് മന്ത്രിയും സ്പേസ് കമ്മീഷൻ അധ്യക്ഷനുമായ അബ്ദുള്ള അൽസവാഹയെ കരാർ ഒപ്പിടാനായി ചുമതലപ്പെടുത്തുകയും ചെയ്തു.

അതേസമയം, ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനായി സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യയിലെത്തും. സെപ്റ്റംബർ 9, 10 തീയതികളിലാണ് ദില്ലിയിൽ ജി-20 ഉച്ചകോടി അരങ്ങേറുന്നത്. രണ്ടുദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടിക്കുശേഷം സെപ്റ്റംബർ 11 -നും സൽമാൻ രാജകുമാരൻ ദില്ലിയിൽ തുടരുകയും നയതന്ത്രചർച്ചകളിൽ പങ്കെടുക്കുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സൗദിയുടെ പ്രധാനമന്ത്രി കൂടിയായ സൽമാൻ രാജകുമാരൻ പ്രത്യേകം ചർച്ച നടത്തും.

Latest News