Monday, November 25, 2024

പ്രായമായ മാതാപിതാക്കളെ ബഹുമാനിക്കാൻ നാലു കാരണങ്ങൾ

നമ്മുടെയൊക്കെ ഭവനങ്ങളിൽ പ്രായമായ മാതാപിതാക്കൾ സന്തോഷത്തോടെയാണോ ആയിരിക്കുന്നത്? പലപ്പോഴും അതീവഗൗരവത്തോടെ ചിന്തിക്കേണ്ട ഒരു വിഷയമാണിത്. എല്ലായിടത്തുമല്ലെങ്കിലും ചിലയിടങ്ങളിലെങ്കിലും പ്രായമായ മാതാപിതാക്കൾ ഒരു മുറിക്കുള്ളിലേക്ക് ഒതുങ്ങപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. പഴയ തലമുറയിലുള്ളവർ കുഞ്ഞിനെ വേണ്ടത്ര പരിപാലിക്കുന്നില്ല, വല്ല്യമ്മ കുട്ടികളുടെ കാര്യത്തിൽ വല്ലാണ്ട് ഇടപെടുന്നു… ഇങ്ങനെ, വല്യപ്പന്മാരെയും വല്യമ്മമാരെയും കുറിച്ചുള്ള പരാതികൾ ഉയർന്നുവരുന്ന പല കുടുംബങ്ങളുമുണ്ട്.

എന്നാൽ, പ്രായമായ മാതാപിതാക്കളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് നമ്മുടെ സമൂഹത്തിന്റെ വളർച്ചയ്ക്കും മൂല്യങ്ങളുടെ നിലനിൽപ്പിനും അത്യന്താപേക്ഷിതമായ ഒരു കാര്യമാണ്. മാതാപിതാക്കൾ കാണപ്പെട്ട ദൈവങ്ങളാണെന്നു പഠിപ്പിക്കുന്ന സംസ്കാരമാണ് നമ്മുടേത്. അതിനാൽ പരാതികളും പരിഭവങ്ങളും മാറ്റിവച്ച് അവരെ സ്നേഹിക്കാം. പ്രായമായവരെ ബഹുമാനിക്കണമെന്നു പറയുന്നതിനുള്ള നാല് കാരണങ്ങളെക്കുറിച്ച് നമുക്ക് വായിക്കാം…

പ്രായമാകൽ എന്ന പ്രക്രിയ

പ്രായമാകുക എന്നത് അനുഗ്രഹവും ഒരു വിശേഷ അവകാശവുമാണ്. കുട്ടികൾക്ക് മുത്തശ്ശിയും മുത്തച്ഛനും ഉണ്ടായിരിക്കുന്നതും ഒരു അനുഗ്രഹമാണ്; അത് നിസ്സാരമായി കാണരുത്. നമ്മുടെ മുതിർന്ന തലമുറയ്‌ക്കൊപ്പം ചിലവഴിക്കുന്ന ഓരോ സമയവും ആഘോഷിക്കാനുള്ളതാണ്; പരാതിപ്പെടാനുള്ളതല്ല.

ഈ സമയം പ്രായമായവർ എന്താണ് അനുഭവിക്കുന്നതെന്നും അവർ കടന്നുപോകുന്ന അവസ്ഥ എന്താണെന്നും പരിഗണിക്കുന്നത് പ്രധാനമാണ്. അസുഖം, സാമ്പത്തിക അരക്ഷിതാവസ്ഥ, ഭൂമിയിലെ തങ്ങളുടെ സമയം അടുത്തിരിക്കുന്നു എന്ന അവബോധം എന്നിവയുമായി അവർ നിരന്തരം പോരാടുകയാണ്. അവർക്ക് ഇത് തികച്ചും ഭയപ്പെടുത്തുന്നതും ഒപ്പം മാനസികപിരിമുറുക്കത്തിന്റെയും സമയമായിരിക്കും. ഈ സമയങ്ങളിൽ അവർക്ക് ഏകാന്തതയും ആത്മവിശ്വാസക്കുറവും അനുഭവപ്പെടാം. ഈ പ്രത്യേക സാഹചര്യത്തിൽ നമ്മൾ കൊച്ചുകുട്ടികളെപ്പോലെ അവരെ ശ്രദ്ധിക്കുകയും പരിപാലിക്കുകയും കരുതുകയും  ചെയ്യേണ്ടതുണ്ട്.

ബഹുമാനം

ഇന്നത്തെ സമൂഹം കൂടുതൽ യുവജനങ്ങളെ കേന്ദ്രീകരിച്ചാണ് മുന്നോട്ടുപോകുന്നത്. കുട്ടികളുടെ ആഗ്രഹങ്ങൾ പ്രധാനമായി കണക്കാക്കപ്പെടുന്നു. സ്വാഭാവികമായും നമ്മൾ നമ്മുടെ കുട്ടികളിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്. എന്നാൽ ബാക്കിയുള്ളതിനെയെല്ലാം തിരസ്ക്കരിക്കണമെന്നല്ല ഇതിനർഥം. നമ്മുടെ കുട്ടികളെ അവരുടെ മുത്തശ്ശിമുത്തച്ഛന്മാരെയും പൊതുവെ, പ്രായമായവരെയും ബഹുമാനിക്കാൻ പഠിപ്പിക്കുന്നതിലൂടെ, അവരെ അനുകമ്പയും കരുതലുമുള്ളവരുമാക്കി രൂപപ്പെടുത്തുന്നതിനും വളരെയധികം സഹായിക്കും. മുതിർന്നവരുടെ കൂടെ സമയം ചെലവഴിക്കുന്നതും അവർക്ക് ഇഷ്ടമുള്ളവ  ചെയ്തുകൊടുക്കുന്നതും ഇതിനു സഹായിക്കും.

എല്ലാത്തിനും അതിന്റേതായ സമയമുണ്ട്

ഒരുപക്ഷേ, നമ്മുടെ മാതാപിതാക്കൾ അവരുടെ കൊച്ചുമക്കളെ നോക്കുന്നതിൽ ശ്രദ്ധകാണിക്കുന്നുണ്ടായിരിക്കില്ല. അത് അവരുടെ കൊച്ചുമക്കളോടുള്ള ഇഷ്ടക്കുറവ് കൊണ്ടായിരിക്കണമെന്നില്ല. ഒരുപക്ഷേ, പ്രായമായപ്പോൾ കുട്ടികളെ നോക്കാനുള്ള ആരോഗ്യവും മനസ്സും അവർക്ക് നഷ്ടപ്പെട്ടിരിക്കാം. കൊച്ചുകുട്ടികളെ വളർത്തുന്നതിന്റെ ബുദ്ധിമുട്ടുകൾ കുട്ടികളെ വളർത്തിയിട്ടുള്ള മാതാപിതാക്കൾക്ക് വിവരിച്ചുകൊടുക്കേണ്ട ആവശ്യമില്ലല്ലോ. അവരെ നോക്കുന്നതിന് അത്രമാത്രം എനർജിയും സൂക്ഷ്മതയും ആവശ്യമാണ്. എന്നാൽ ഒരു അത്യാവശ്യഘട്ടത്തിൽ അവർ തീർച്ചയായും നിങ്ങളുടെ കൂടെത്തന്നെയുണ്ടാവും എന്നതിൽ സംശയവുമില്ല.

മാറുന്ന ലോകം

നമ്മുടെ മാതാപിതാക്കൾ നമ്മെ വളർത്തിയപ്പോൾ നേരിട്ട പ്രശ്നങ്ങളോ, വെല്ലുവിളികളോ അവരുടെ കൊച്ചുമകളുടെ കാര്യത്തിലില്ല. കാരണം, ഒരു തലമുറക്കിപ്പുറം ലോകം അത്രയുംമാറി. അവരുടെ നല്ലകാലത്തിൽ നന്നായി അധ്വാനിച്ച് നല്ലൊരു ജീവിതം അവർ നമുക്ക് തന്നു. എല്ലാവർക്കും അവരവരുടേതായ ജീവിതവുമായി. ഇപ്പോൾ അവരുടെ വിശ്രമകാലമാണ്. ഈ കാലത്ത് കുട്ടികളെ വളർത്തുന്നതിന്റെ സമ്മർദ്ദം അവരെ ഏല്പിക്കുന്നത് അവരോടു ചെയ്യുന്ന അതിക്രമമായിരിക്കും. ഇപ്പോൾ നമുക്ക് അവർക്കുവേണ്ടി ചെയ്യാവുന്നത് അവരെ വിശ്രമിക്കാൻ അനുവദിക്കുകയും അവരെ അവരുടെ ഇഷ്ടത്തിന് വിടുകയുമാണ്. അവർ തങ്ങളുടെ കൊച്ചുമക്കൾ വളരുന്നതുകണ്ട് സന്തോഷിക്കട്ടെ.

Latest News