Monday, April 21, 2025

ഡല്‍ഹിയിലേക്ക് ഉറ്റുനോക്കി ലോകം; ജി-20 ഉച്ചകോടിക്ക് ഇന്ന് തുടക്കം

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി-20 നേതാക്കളുടെ ഉച്ചകോടി ഇന്ന് ആരംഭിക്കും. പതിനെട്ടാമത് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ലോകനേതാക്കള്‍ തലസ്ഥാന നഗരിയില്‍ എത്തി. ലോകത്തിലെ 20 പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ നിന്നുള്ള നേതാക്കളെ ഒരുമിച്ചുകൊണ്ടുവരുന്ന സുപ്രധാനമായ ഉച്ചകോടി, ഡൽഹിയിലെ ഭാരത് മണ്ഡപം ഇന്റർനാഷണൽ എക്‌സിബിഷൻ – കൺവെൻഷൻ സെന്ററിലാണ് നടക്കുന്നത്.

‘വസുധൈവ കുടുംബകം’ അല്ലെങ്കിൽ ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്നതാണ് സെപ്തംബർ 9, 10 തീയതികളിലായി നടക്കുന്ന ദ്വിദിന ജി-20 ഉച്ചകോടിയുടെ പ്രമേയം. ആഗോള സാമ്പത്തികാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, കോവിഡ് ആഘാതം, ഭക്ഷ്യവിതരണശൃംഖല തുടങ്ങിയ വിഷയങ്ങളാണ് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുക. ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ, മൂന്നുദിവസത്തെ പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

1999 -ൽ സ്ഥാപിതമായ, ജി-20 അല്ലെങ്കിൽ ഗ്രൂപ്പ് ഓഫ് ട്വന്റി, 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും (EU) ഉൾപ്പെടുന്ന ഒരു അന്തർഗവൺമെന്റൽ ഫോറമാണ്. അന്താരാഷ്ട്ര സാമ്പത്തികസ്ഥിരത, കാലാവസ്ഥാ വ്യതിയാന ലഘൂകരണം, സുസ്ഥിരവികസനം തുടങ്ങിയ ആഗോള സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായാണ് ഇത് പ്രവർത്തിക്കുന്നത്. ജി-20 ഉച്ചകോടി എല്ലാവർഷവും വ്യത്യസ്ത അംഗരാജ്യങ്ങളിലാണ് നടക്കുന്നത്.

Latest News