വടക്കേ ആഫ്രിക്കന്‍രാജ്യമായ മൊറോക്കോയിലുണ്ടായ ഭൂകമ്പദുരന്തത്തില്‍ സഹായഹസ്തവുമായി ലോകരാജ്യങ്ങള്‍. ഇന്ത്യ, ഫ്രാന്‍സ് ഉള്‍പ്പടെയുടെയുള്ള രാജ്യങ്ങളാണ് മൊറോക്കോയ്ക്ക് സഹായമെത്തിച്ചത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഫ്രിക്കന്‍രാജ്യത്ത് മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
സെപ്റ്റംബർ എട്ടിന് രാത്രി 11 മണിയോടെ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വൻ നാശനഷ്ടമാണ് ഉണ്ടായത്. ദുരന്തത്തില്‍ 2,112 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഏറ്റവും അവസാനം ലഭിച്ച വിവരങ്ങൾപ്രകാരം, 2,400 പേർക്ക് ഭൂകമ്പത്തിൽ പരിക്കേറ്റിട്ടുണ്ട്. വീണ്ടുമൊരു ഭൂചലനം ഭയന്ന് ഭൂരിഭാഗം ജനങ്ങളും തെരുവില്‍ അഭയംതേടിയിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് സഹായഹസ്തവുമായി ലോകരാജ്യങ്ങള്‍ രംഗത്തെത്തിയത്.
മൊറോക്കോയ്ക്ക് ഐക്യരാഷ്ട്രസഭ അടിയന്തരസഹായങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, കൂടുതല്‍ സഹായങ്ങളെത്തിക്കുമെന്നും ആഫ്രിക്കന്രാജ്യത്തിന് ഐക്യരാഷ്ട്രസഭ വാഗ്ദാനം നല്കി. ഇതിനുപുറമെയാണ് സ്പെയിന്, ഖത്തര്‍, അമേരിക്ക, ഫ്രാന്‍സ്, ഇസ്രയേല്‍, ഇന്ത്യ എന്നീ രാജ്യങ്ങള്‍ സഹായസന്നദ്ധത അറിയിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയിലുണ്ടായ ഭൂചനലത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ തുര്‍ക്കിയും മൊറോക്കോയ്ക്ക് സഹായവാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഭൂകമ്പബാധിതർക്ക് വെള്ളം, ഭക്ഷണം, ടെന്റുകള്‍, പുതപ്പുകള്‍ എന്നിവയുടെ ലഭ്യത വര്‍ധിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് മൊറോക്കൻ സർക്കാർ അറിയിച്ചു. നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഭൂചലനം എന്നാണ് മൊറോക്കോയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജ്യോഗ്രഫി ദുരന്തത്തെ വിശേഷിപ്പിച്ചത്.