ആയിരം വര്‍ഷം പഴക്കമുള്ള മനുഷ്യശരീരാവശിഷ്ടം (മമ്മി) പെറുവിലെ ലിമായില്‍ കണ്ടെത്തിയതായി പുരാവസ്തു ഗവേഷകര്‍. ഹുവാക്ക പക്ലാന കളിമണ്‍ പിരമിഡില്‍നിന്നാണ് ഗവേഷകര്‍ മമ്മിയെ കണ്ടെത്തിയത്. കളിമൺവസ്തുക്കള്‍ക്കും തുണിത്തരങ്ങള്‍ക്കുമൊപ്പമുള്ള നിലയിലായിരുന്നു ഇത്.
പ്രായപൂര്‍ത്തിയായ വ്യക്തിയുടേതെന്നു സംശയിക്കുന്ന താടിയെല്ലും നീണ്ട മുടിയുമുള്ള മമ്മിയാണ് ലിമായില്‍നിന്നും ലഭിച്ചത്. പെറുവിന്റെ മധ്യതീരത്ത് ഉടലെടുത്ത യിച്മ സംസ്‌കാരത്തിന്റെ ആരംഭകാലത്തില്‍ ആയിരം വര്‍ഷങ്ങൾക്കുമുമ്പ് ജീവിച്ചിരുന്ന വ്യക്തിയാണ് ഇതെന്ന് കരുതുന്നതായും ഗവേഷകര്‍ അറിയിച്ചു. ജനവാസകേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് മമ്മി കണ്ടെത്തിയത്.
നേരത്തെ ലിമയ്ക്കടുത്തുള്ള കജാമാര്‍ക്വില്ല പുരാവസ്തു സൈറ്റില്‍നിന്ന് ഈ വര്‍ഷം ആദ്യം ആയിരം വര്‍ഷം പഴക്കമുള്ള മറ്റൊരു മമ്മി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരുന്നു. അന്ന് കണ്ടെത്തിയ അവശിഷ്ടങ്ങള്‍ പ്രായപൂര്‍ത്തിയായ ഒരാളുടേതാണെന്നാണ് കരുതുന്നത്. മുടിയുടെയും ചര്‍മ്മത്തിന്റെയും ഭാഗങ്ങള്‍ കേടുകൂടാതെ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ജൂണില്‍ ലിമയില്‍ നിന്ന് 3000 വര്‍ഷം പഴക്കമുള്ള ഒരു മമ്മി കണ്ടെത്തിയതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.