യു.കെയില്‍ പാരസെറ്റമോളിന്‍റെ വില്‍പ്പന നിയന്ത്രിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പാരസെറ്റമോള്‍ കഴിച്ച് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ പാരസെറ്റമോള്‍ അടങ്ങിയ മരുന്ന് വിൽക്കുന്നത് നിയന്ത്രിക്കാനാണ് ഭരണകൂടം ഒരുങ്ങുന്നത്.
ഓരോ വര്‍ഷവും ശരാശരി 5000 പേര്‍ യു.കെയില്‍ ആത്മഹത്യ ചെയ്യുന്നതായാണ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ കണക്ക് വ്യക്തമാക്കുന്നത്. ആത്മഹത്യ ചെയ്യാന്‍ കൂടുതൽ പേരും ഉപയോഗിച്ചത് പാരസെറ്റമോള്‍ ആണെന്ന് എന്ന ക്രേംബ്രിഡ്ജ് സര്‍വകലാശാല പ്രസ്സിന്റെ 2018ലെ പഠന റിപ്പോര്‍ട്ടിൽ പറയുന്നു. പാരസെറ്റമോള്‍ അമിതമായി കഴിച്ചതിനെ തുടര്‍ന്ന് കരളിനുണ്ടാകുന്ന വീക്കമാണ് പ്രധാനമായി മരണത്തിനു കാരണമാകുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. പുതിയ തീരുമാനത്തിലൂടെ ആത്മഹത്യാനിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്ന വിലയിരുത്തലാണ് ഭരണകൂടത്തിനുള്ളത്.
നിലവില്‍ ബ്രിട്ടനില്‍ പരമാവധി രണ്ടു പാക്കറ്റ് പാരസെറ്റമോള്‍ കടകളില്‍നിന്ന് വാങ്ങാന്‍ സാധിക്കും. 500 മില്ലി ഗ്രാമിന്റെ 16 ഗുളികകളാണ് രണ്ടു പാക്കറ്റുകളിലുണ്ടാവുക. മരുന്നിന്റെ കാര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പരിഗണിക്കാന്‍ മെഡിസിന്‍സ് ആൻഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയോട് (എം.എച്ച്. ആര്‍.എ) യു.കെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്