ഇന്ത്യ അതിഥേയത്വം വഹിച്ച ജി 20 ഉച്ചകോടിക്കു വേണ്ടി അമിതമായി പണം ചെലവഴിച്ചെന്ന ആരോപണം തള്ളി കേന്ദ്ര സർക്കാർ രംഗത്ത്. ബജറ്റിൽ അനുവദിച്ച ഫണ്ടിനെക്കാൾ 300 ശതമാനം കൂടുതൽ തുക സർക്കാർ ചെലവഴിച്ചുവെന്ന ആരോപണത്തനെതിരെയാണ് കേന്ദ്രം രംഗത്തെത്തിയത്. തൃണമൂൽ കോൺഗ്രസ് എം.പി സാകേത് ഗോഖലെയുടെ ആരോപണങ്ങളാണ് കേന്ദ്രം തള്ളിയത്.
കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ജി 20 ഉച്ചകോടിക്കായി അനുവദിച്ച ഫണ്ട് 990 കോടിയായിരുന്നു. എന്നാൽ സർക്കാർ 4100 കോടി രൂപ വരെ ഉച്ചകോടിക്കായി ചെലവഴിച്ചു. ബാക്കി തുക എവിടെ പോയെന്നാണ് തൃണമുല്‍ എം.പി ഗോഖലെയുടെ ആരോപണം. എന്നാല്‍ ഈ അവകാശവാദം കേന്ദ്രം തള്ളുകയായിരുന്നു. ഗോഖലെയുടെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പി.ഐ.ബി ഫാക്റ്റ് ചെക്ക് ട്വീറ്റ് ചെയ്തു. ചെലവാക്കിയ തുക G20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, ഇന്ത്യ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷന്റെ (ഐ.ടി.പി.ഒ) നേതൃത്വത്തിൽ പ്രഗതി മൈതാനത്ത് സ്ഥിരമായ ആസ്തി സൃഷ്ടിക്കാനും, മറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനുമായാണ് വിനിയോഗിച്ചതെന്നും പി.ഐ.ബി വ്യക്തമാക്കി.