മെഡിറ്ററേനിയന്‍ കൊടുങ്കാറ്റ് ഡാനിയലിനെ തുടര്‍ന്നു ലിബിയയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 5,300 കടന്നു. 10,000 ത്തിലധികം പേരെ കാണാതാവുകയും ചെയ്തതായി കിഴക്കന്‍ ലിബിയയിലെ അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ മരണസംഖ്യ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ലിബിയ, ഇന്റര്‍ നാഷണല്‍ ഫെഡറേഷന് ഓഫ് റെഡ് ക്രോസ് ആന്‍ഡ് റെഡ് ക്രസന്റ് സൊസൈറ്റി (ഐഎഫ്ആര്‍സി) പ്രതിനിധി പറഞ്ഞു.
“ചുഴലിക്കാറ്റ് നാശം വിതച്ച ഡെര്‍ന നഗരത്തില്‍ മാത്രം 5,300 പേര് മരിച്ചു. ഇതില്‍ വെള്ളപ്പൊക്ക ദുരന്ത നിവാരണത്തിനിടെ മരിച്ച മൂന്ന് ഐഎഫ്ആര്‍സി അംഗങ്ങളും ഉള്‍പ്പെടുന്നു.” ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. 1,000 ത്തിലധികം ആളുകളുടെ മൃതദേഹങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് കണ്ടെടുത്തതെന്ന് ഒരു ഉദ്യോഗസ്ഥന് പറഞ്ഞതായി സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
‘കടലില്‍, താഴ്വരകളില്‍, കെട്ടിടങ്ങള്‍ക്കടിയില്‍… എല്ലായിടത്തും മൃതദേഹങ്ങള്‍ കിടക്കുന്നു’ കിഴക്കന്‍ ലിബിയ അഡ്മിനിസ്ട്രേഷനിലെ വ്യോമയാന മന്ത്രി ഹിചെം അബു ചികിയോട്ട്, ഡെര്‍ന സന്ദര്‍ശിച്ചതിന് പിന്നാലെ ഫോണിലൂടെ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. ദുരന്ത നിവാരണത്തിനായി അടിയര സഹായ സേനയെ അണിനിരത്തിയതായി ഐക്യരാഷ്ട്ര സഭയുടെ കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് അറിയിച്ചു. തുര്‍ക്കിയും മറ്റ് രാജ്യങ്ങളും ലിബിയയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനുളള വാഹനങ്ങള്‍, റെസ്ക്യൂ ബോട്ടുകള്‍, ജനറേറ്ററുകള്‍, ഭക്ഷണം എന്നിവയുള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചിട്ടുണ്ട്.