ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായി ഇഗോർ സ്റ്റിമാക് ഉണ്ടാകില്ല. പകരം അണ്ടർ 23 ടീം പരിശീലകനായ ക്ലിഫോർഡ് മിറാണ്ട ടീമിനൊപ്പം ചേരും. സെപ്റ്റംബർ 19ന് ചെെനയുമായാണ് ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ മത്സരം.
ഇന്ത്യൻ ഫുട്ബോളിന്റെ സമകാലിക വിജയങ്ങളിൽ നിർണായക പങ്കുവഹിച്ച പരിശീലകനാണ് സ്റ്റിമാക്. ഏഷ്യയിൽ ആദ്യ ഏട്ട് റാങ്കിലുള്ള ടീമുകൾക്ക് മാത്രം ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നല്കിയിരുന്നുള്ളു എങ്കിലും 18-ാം റാങ്കിലുള്ള ഇന്ത്യന്‍ ടീമിനെ ഏഷ്യൻ ഗെയിംസിന് വിടാൻ അനുവദിച്ചത് ഇഗോർ സ്റ്റിമാകിന്റെ അഭ്യർഥനയെ തുടര്‍ന്നാണ്. ഇതിനിടയിലാണ് സ്റ്റിമാക് പരിശീലകനാകില്ല എന്ന അഭ്യൂഹം ഉയരുന്നത്. എന്നാല്‍ ഇന്ത്യൻ ടീമിന്റെ ഭാഗമാകില്ലെന്ന വാർത്തകൾക്ക് ഇഗോർ സ്റ്റിമാക് പ്രതികരിച്ചിട്ടില്ല.
ഐഎസ്എൽ ക്ലബുകൾ മുതിർന്ന താരങ്ങളെ വിട്ടുതരാത്തത് സ്റ്റിമാകിന്റെ പിന്മാറ്റത്തിന് കാരണമായതായി കരുതുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അണ്ടർ 23 ടീമിനാണ് ഏഷ്യൻ ഗെയിംസ് കളിക്കാൻ അനുമതി ലഭിക്കുന്നത്. എന്നാൽ എല്ലാ ടീമുകൾക്കും 23 വയസിന് മുകളിലുള്ള മൂന്ന് താരങ്ങളെ കളിപ്പിക്കാൻ കഴിയും. ഇന്ത്യൻ ടീമിൽ സുനിൽ ഛേത്രി, സന്ദേശ് ജിങ്കാൻ, ഗുർപ്രീത് സിങ് സന്ധു എന്നിവരെയാണ് മുതിർന്ന കളിക്കാരായി ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഐഎസ്എൽ ക്ലബുകൾ വിട്ടുതരാത്തതിനാൽ മൂന്നുപേരും ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.