ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനായ 24കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നായി.
നേരത്തെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ രോഗലക്ഷണം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് ഇവരുടെ സാമ്പിളുകള്‍ പൂനെയിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഈ സാമ്പിളുകളാണ് പോസിറ്റീവ് ആയത്.
അതേസമയം, രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 706 പേരാണുള്ളതെന്നും 11 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍13 പേര്‍ നിരീക്ഷണത്തിലാണ്. 3 പേര്‍ വീടുകളില്‍ ഐസോലേഷനില്‍ കഴിയുന്നുണ്ട്. ഒമ്പത് വയസ്സുള്ള കുട്ടിക്കായി മോണോക്ലോണല്‍ ആന്റിബോഡി ഉടനെത്തും. ഹൈ റിസ്‌ക് കോണ്ടാക്ടുകള്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് ദിശയുടെ സേവനവും ഉപയോഗിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.