ഉപയോഗ ശൂന്യമായ വസ്തുക്കൾ, പേപ്പറുകൾ എന്നിവ വിറ്റ് വരുമാനം കണ്ടെത്തുന്ന നിരവധി സംഭവങ്ങൾ അടുത്തിടെ വ്യാപകമാണ്. ഈ രീതി മാതൃകയാക്കി അധിക വരുമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ‘3.0’ എന്ന ക്യാമ്പയിനിലൂടെ ഈ വർഷം മാത്രം കേന്ദ്രത്തിന് ലഭിച്ചത് 600 കോടി രൂപയാണ്. ചന്ദ്രയാന്‍ 3-ദൗത്യത്തിന്റെ ബഡ്ജറ്റിനു തുല്യമായ തുക ലഭിച്ചു എന്ന് സാരം.
സർക്കാർ ഓഫീസുകളിലെ ആഗസ്റ്റ് വരെയുള്ള ആവശ്യമില്ലാത്ത ഫയലുകള്‍, ഉപയോഗമില്ലാത്ത ഓഫീസ് ഉപകരണങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവ വിറ്റാണ് കേന്ദ്രം പുതിയ വരുമാന മാർഗം കണ്ടെത്തിയത്. ഒക്ടോബറോടെ ഈ കണക്ക് 1000 കോടി കടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒക്ടോബർ 2മുതൽ 31 വരെ നടക്കുന്ന അടുത്ത ക്യാമ്പയിനിൽ വരുമാനം 1000 കോടി കടന്നേക്കുമെന്നാണ് വിലയിരുത്തുന്നത്. 2021 ഒക്ടോബറില്‍ നടത്തിയ ആദ്യ ഘട്ട ക്യാമ്പയിനില്‍ നിന്ന് 62 കോടി രൂപ സര്‍ക്കാര്‍ നേടിയിരുന്നു. നവംബറിലായിരുന്നു ഇതിന്റെ അവസാന ഘട്ടം. അവസാന ക്യാമ്പയിന്‍ മുതല്‍, ഒരു സ്ഥിര പദ്ധതിയെന്ന നിലയില്‍ സര്‍ക്കാര്‍ ശുചീകരണ യജ്ഞം ആരംഭിക്കുകയും ഓരോ മാസവും ഏകദേശം 20 കോടി രൂപ സമ്പാദിക്കുകയും ചെയ്തിരുന്നു.
പുതിയ ക്യാമ്പയിനിലൂടെ വരുമാനത്തിനു പുറമെ സർക്കാർ ഓഫീസുകളിൽ കൂടുതൽ സ്ഥല സൗകര്യവും ലഭിച്ചിട്ടുണ്ട്. ദൗത്യം വഴി 185 ലക്ഷം ചതുരശ്ര അടിയാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ ലഭിച്ചതത്. ഇതില്‍ 90 ലക്ഷം ചതുരശ്രയടി സ്ഥലം കഴിഞ്ഞ വര്‍ഷം ഒക്ടോബറിലെ സ്‌പെഷ്യല്‍ ക്യാമ്പയിന്‍ 2.0 ന്റെ കാലത്ത് ലഭ്യമായിരുന്നു. ഈ ഒക്ടോബറില്‍ 100 ലക്ഷം ചതുരശ്ര അടിയെങ്കിലും സ്വതന്ത്രമാക്കുകയാണ് ലക്ഷ്യം.