നിപ സംശയത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം നെഗറ്റീവ്. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയട്ടില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തുവന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന ആദ്യ നിപ പരിശോധനയായിരുന്നു ഇത്.
കടുത്ത പനിയെത്തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇയാള്‍ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയത്. സംശയകരമായ ലക്ഷണങ്ങള്‍ തോന്നിച്ചതോടെ ഇയാളെ പ്രത്യേക വാര്‍ഡിൽ നിരീക്ഷണത്തിലാക്കുകയും ചെയ്തു. പനിയ്ക്ക് ചികിത്സ തേടിയെത്തിയ ഇയാള്‍ വവ്വാല് കടിച്ച പഴങ്ങള്‍ ഭക്ഷിച്ചതായി സംശിക്കുന്നുവെന്ന് വെളിപ്പെടുത്തിയതിനെ തുടർന്നായിരുന്നു ഇത്.
ഇയാളുടെ ശരീര സ്രവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കെ സർക്കാർ സഥാപനമായ തോന്നയ്ക്കലിലെ വൈറോളജി ഇൻസ്റ്റ്യൂട്ടിൽ പരിശോധന നടത്തുകയായിരുന്നു.
ഇതിനിടെ കോഴിക്കോട് ആശുപത്രിയില്‍ നിപ ബാധിച്ചു ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. രോഗിയുടെ പനി മാറിയെന്നും അണുബാധ കുറഞ്ഞെന്നമാണു വിവരം.