65 ടണ്ണിനു മുകളിലുള്ള ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ യുഎഇ ഭരണകൂടം ഒരുങ്ങുന്നു. റോഡുകളുടെ ആയുസ്സും യാത്രക്കാരുടെ സുരക്ഷയും മുൻനിർത്തിയാണ് തീരുമാനം. ഊർജ്ജ അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്രൂയിയാണ് പുതിയ തീരുമാനം അറിയിച്ചത്.
രാജ്യത്ത് നിലവിൽ സർവീസ് നടത്തുന്ന 28 ശതമാനം ട്രക്കുകളും പുതിയ നിയമത്തെ തുടര്‍ന്ന് നിരത്തുകളില്‍ നിന്നും ഒഴിവാക്കേണ്ടി വരും. ഒക്ടോബർ ഒന്നു മുതൽ പുതിയ നിയമം പ്രബല്യത്തില്‍ വരുമെങ്കിലും നാലുമാസം വാഹനങ്ങൾക്ക് ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചിട്ടുണ്ട്. അതുകഴിഞ്ഞ് ഫെബ്രുവരി ഒന്നുമുതലാകും പിഴയുൾപ്പടെയുള്ള ശിക്ഷാ നടപടികൾ നടപ്പിലാക്കുക. അതിനുള്ളിൽ വാഹന ഉടമകൾക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്താനും സമയമുണ്ട്.
യുഎഇയിലെ അടിസ്ഥാന സൗകര്യ മേഖല ലോകത്തെ തന്നെ ഏറ്റവും മികച്ചതായി നിലനിർത്താൻ ഉദ്ദേശിച്ചാണ് നിരോധനം. ഇതിലൂടെ രാജ്യത്തെ ചരക്ക് നീക്കത്തെയും റോഡുകളുടെ ഗുണമേന്മയെയും ഉത്തേജിപ്പിക്കാന്‍ കഴിയുമെന്നും ഊർജ്ജ അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് പറഞ്ഞു. രാജ്യാതിർത്തി കടന്ന് സർവ്വീസ് നടത്തുന്നതുൾപ്പടെയുള്ള വാഹനങ്ങളും പുതിയ തീരുമാനത്തിന്‍റെ പരിധിയില്‍ വരും. എന്നാൽ പട്ടാളം പോലീസ്, സിവിൽ ഡിഫൻസ് അതോറിറ്റി എന്നിവരുടെ വാഹനങ്ങൾക്ക് നിരോധനം ബാധകമല്ല.