Monday, November 25, 2024

പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ബിജെപി എം പി മാർക്ക് വിപ്പ് നൽകി കേന്ദ്രം

സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ തങ്ങളുടെ എല്ലാ എംപിമാർക്കും വീപ്പ് നൽകി ബി ജെപി. വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും പാസാക്കാനുമുണ്ടെന്ന് എം പിമാർക്ക് നൽകിയ വിപ്പിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം പ്രത്യേക സമ്മേളനത്തിന്റെ അജണ്ട പുറത്തിറക്കിയതിന് പിന്നാലെയാണ് ബിജെപി, ലോക്‌സഭാ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയത്.

”സെപ്റ്റംബര്‍ 18 മുതല്‍ സെപ്റ്റംബര്‍ 22 വരെ നടക്കുന്ന സമ്മേളനത്തില്‍ ചില നിയമനിര്‍മാണ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും പാസാക്കാനും തീരുമാനിക്കുമെന്ന് ലോക്‌സഭയിലെ എല്ലാ ബിജെപി അംഗങ്ങളെയും അറിയിക്കുന്നു. അതുകൊണ്ട് ഈ അഞ്ച് ദിവസവും എല്ലാ ബിജെപി അംഗങ്ങളും സഭയില്‍ ക്രിയാത്മകമായി ഹാജരാകണമെന്നും സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു”- വിപ്പില്‍ പറയുന്നു. അഞ്ച് ദിവസമായി നടക്കുന്ന പ്രത്യേക സമ്മേളനത്തില്‍ നാല് ബില്ലുകള്‍ ചര്‍ച്ച ചെയ്യുമെന്നാണ് അജണ്ടയില്‍ സൂചിപ്പിച്ചിരിക്കുന്നത്. അഭിഭാഷക ഭേദഗതി ബില്ല് 2023, പ്രസ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് പിരിയോഡിക്കല്‍സ് ബില്ല് 2023, മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും നിയമനവുമായി ബന്ധപ്പെട്ട ബില്ല്, പോസ്റ്റ് ഓഫീസ് ബില്ല് 2023 എന്നീ ബില്ലുകളാണ് പ്രത്യേക സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

Latest News