‘ടൈം മാഗസിൻ 100 നെക്സ്റ്റ്’ പട്ടികയിൽ മലയാളി ഉൾപ്പടെ നാല് ഇന്ത്യക്കാർ ഇടംപിടിച്ചു. നവലോക നേതാക്കളെ അവതരിപ്പിക്കുന്ന പട്ടികയിൽ ഇടംപിടിച്ചത് മലയാളി ആർക്കിടെക്ട് ആയ വിനു ഡാനിയേൽ (41) ആണ്. വിനുവിനുപുറമെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (34), മാധ്യമപ്രവർത്തക നന്ദിത വെങ്കടേശൻ (33), വൈദ്യശാസ്ത്രജ്ഞൻ ഡോ. നബുറൻ ദാസ്ഗുപ്ത (44) എന്നിവരാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ.
സുസ്ഥിരമാതൃകയിലുള്ള നിർമ്മിതികളൊരുക്കുന്ന ‘വോൾ മേക്കേഴ്സ്’ന്റെ സ്ഥാപകനാണ് വിനു ഡാനിയേൽ. വസ്ത്രാവശിഷ്ടങ്ങളും ഫെറോ സിമന്റുമുപയോഗിച്ച് ‘ക്ലോത്ക്രീറ്റ്’ ഫർണിച്ചർ ഒരുക്കുന്നതിലും വിനു ശ്രദ്ധനേടിയിട്ടുണ്ട്. ലണ്ടനിലെ പ്രശസ്തമായ ബാർബിക്കൻ സെന്ററിൽ 2022 -ൽ ചേന്ദമംഗലം കൈത്തറിയുടെ പ്രദർശനമൊരുക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകി.
2017 -ൽ ഓസ്ട്രേലിയയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ ശ്രദ്ധേയയായ ഹർമൻപ്രീത് പട്ടികയിൽ 34 -ാം സ്ഥാനത്താണ്. ലോകകപ്പിൽ ഇന്ത്യൻ വനിതാടീമിനായി ഏറ്റവും കൂടുതല്‍ റണ്‍സെടുത്തതാണ് ഹർമൻപ്രീതിനെ പട്ടികയിൽ എത്തിച്ചത്.
ക്ഷയരോഗചികിത്സയ്ക്കിടെ ഉപയോഗിച്ച മരുന്നുകളുടെ പാർശ്വഫലമായി കേൾവി നഷ്ടമായ നന്ദിത വെങ്കിടേശ് നടത്തിയ നിയമപോരാട്ടത്തിന്റെ ഫലമായാണ് ക്ഷയരോഗചികിത്സയ്ക്കുള്ള സുരക്ഷിതമായ മരുന്ന് പേറ്റന്റ് തടസ്സംനീക്കി ഇന്ത്യയിൽ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ വഴിയൊരുങ്ങിയത്. വേദനസംഹാരികളുടെ അമിതോപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാനുള്ള മരുന്നുകളുടെ ലഭ്യത യു.എസിൽ വർധിപ്പിക്കാനായുള്ള നടപടികൾ വിജയകരമായി നടപ്പാക്കിയതിലൂടെയാണ് ഡോ. നബുറൻ ദാസ്ഗുപ്ത ശ്രദ്ധേയനായത്.